രേണുക വേണു|
Last Modified ശനി, 26 നവംബര്‍ 2022 (09:44 IST)
മലപ്പുറത്ത് അഞ്ചാംപനി വ്യാപനം ആശങ്ക പരത്തുന്നു. പ്രത്യേക കേന്ദ്രസംഘം ഇന്ന് മലപ്പുറം ജില്ലയില്‍ എത്തും. രാവിലെ 10 മണിയോടെ എത്തുന്ന സംഘം കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലും സന്ദര്‍ശനം നടത്തും. അഞ്ചാംപനി വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19 വാര്‍ഡുകളില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ നടക്കുകയാണ്. കല്‍പ്പകഞ്ചേരി പഞ്ചായത്തില്‍ മാത്രം 700 ഓളം വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. ഇതില്‍ നൂറോളം പേര്‍ക്ക് ഇതിനോടകം അഞ്ചാം പനി സ്ഥിരീകരിച്ചു കഴിഞ്ഞു.
പ്രദേശത്തെ സ്‌കൂളുകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തുന്നുണ്ട്. പനിയുള്ളവര്‍ സ്‌കൂള്‍, മദ്രസ എന്നിവിടങ്ങളില്‍ പോകരുതെന്നാണ് നിര്‍ദേശം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്.