Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു

May 20 Kerala Weather
Kerala Weather
രേണുക വേണു| Last Modified ചൊവ്വ, 20 മെയ് 2025 (06:54 IST)

Kerala Weather: കാലവര്‍ഷം കേരളം തൊടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇത്തവണ ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് സൂചന. തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കന്യാകുമാരി മേഖല, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ ദ്വീപ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലും കാലവര്‍ഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അറബിക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21
ഓടെ ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22 ഓടെ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :