മരട്; ഒക്ടോബർ നാലിനു ഫ്ലാറ്റ് പൊളിച്ച് തുടങ്ങും, ചുമതല നഗരസഭയ്ക്ക്

എസ് ഹർഷ| Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (09:27 IST)
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ അടുത്ത മാസം നാലിന് പൊളിച്ചുതുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂർത്തിയാക്കും. നഗരസഭയ്ക്കാണ് പൊളിക്കലിന്റെ ചുമതല. പൊളിച്ചതിനു ശേഷം ഡിസംബർ 4-19നുള്ളിൽ അവശിഷ്ടങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനാണ് തീരുമാനം.

ചീഫ് എൻജിനിയർ നൽകിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് നൽകും. ഇതാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകുക. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ഉടൻ തന്നെ പൊളിക്കാമെന്ന തീരുമാനത്തിലെത്തിയത്.


വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തുനൽകി. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം. പൊളിക്കൽ ചുമതല ഐ.എ.എസ്. ഉദ്യോഗസ്ഥന് നൽകുകയും വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാൻ നടപടി തുടങ്ങുകയും ചെയ്തതോടെ ഇക്കാര്യത്തിൽ സർക്കാർ കൂടുതൽ ഗൗരവം കാട്ടുന്നെന്നാണ് സൂചന.

ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധി പൂർണമായി നടപ്പാക്കാൻ സർക്കാരിന് താത്പര്യക്കുറവുണ്ടെന്ന നിരീക്ഷണമാണ് സുപ്രീംകോടതിയുടേത്. കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ കെട്ടിടങ്ങൾ പൊളിക്കുകയല്ലാതെ മറ്റുമാർഗമില്ലെന്നും സർക്കാർ കരുതുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :