മണിയൻ ഇനിയില്ല, നാട്ടുകാരുടെ ഹൃദയം കീഴടക്കിയ ‘കാട്ടാന’ യാത്രയായി !

Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (13:30 IST)
മണിയൻ, വയനാട്ടിലെ ജനങ്ങൾക്ക് അവനൊരു അല്ല. നാട്ടിലെ ജനങ്ങളോട് യാതോരു പിണക്കവുമില്ലാത്ത, ഒരു ഉപദ്രവവും ഇല്ലാത്ത നാട്ടുകാരുടെ ഹൃദയം കീഴടക്കിയിട്ട് വർഷങ്ങളാകുന്നു. ബത്തേരി പുൽപ്പള്ളി റോഡിൽ ഇരുളം പ്രദേശത്തെ വനാതിർത്തികളിലെ പതിവ് സാന്നിധ്യമായ മണിയൻ ഇനിയില്ല.

ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തിൽ ആണ് മണിയൻ കൊല്ലപ്പെട്ടത്. വയറിൽ കൊമ്പ് ആഴ്ന്നിറങ്ങി കുടൽ പുറത്തു വന്ന നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണിയന്റെ വിയോഗത്തിൽ ദുഃഖാർത്ഥരാണ് അവനെ അറിയുന്നവർ.

പൊതുവേ കാട്ടാനയെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ ആരിലും ഒരു ഭീതിയുണ്ടാകും. പ്രത്യേകിച്ച്‌ ഒറ്റയാനെന്നറിയുമ്പോള്‍. മനുഷ്യന്റെ ചൂരടിച്ചാല്‍ ദേഷ്യത്താല്‍ തുമ്പികൈ ഉയര്‍ത്തി ചിന്നം വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കാട്ടാനകളിൽ നിന്നും വ്യത്യസ്തനായിരുന്നു മണിയൻ. കാട്ടില്‍ നിന്നും ഒരു നാള്‍ നാട്ടിലെത്തുകയും പിന്നീട്‌ നാട്ടുകാരെ സ്നേഹം കൊണ്ടും നിരുപദ്രവം കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്തതോടെ അവർ അവനിട്ട പേരാണ് മണിയനെന്ന്.

ആര്‍ക്കും ഇവന്റെ അടുത്ത്‌ ചെല്ലാമായിരുന്നു. യാതോരു ഉപദ്രവവും മണിയനെ കൊണ്ടില്ല. കുട്ടികൾക്ക് വരെ അവന്റെ അടുത്തെത്തി സംസാരിക്കാനും തൊടാനുമെല്ലാം കഴിയുമായിരുന്നു. മണിയന്‍ കാട്ടിനുള്ളിലാണെങ്കില്‍ പേരൊന്ന്‌ വിളിച്ചാല്‍ മതി മസ്‌തകവും കുലുക്കി അവന്‍ ഓടി വരും. നാട്ടുകാര്‍ നല്‌കുന്ന സുഭിക്ഷമായ ഭക്ഷണം കഴിച്ച്‌ രാത്രിയോടെ കാട്ടിലേക്ക്‌ മടങ്ങും. നേരം പുലരുമ്പോള്‍ വീണ്ടും നാട്ടിലെത്തും.

അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ലയിരുന്നു. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. മണിയന്റെ വിയോഗം അവനെ അറിയാവുന്ന ഓരോരുത്തരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :