മംഗളാദേവി ക്ഷേത്രവും പിടിക്കാന്‍ തമിഴ്നാട് നീക്കം

തേക്കടി| Last Modified ചൊവ്വ, 13 മെയ് 2014 (18:38 IST)
കേരളാ തമിഴ് നാട് അതിര്‍ത്തിയിലുള്ള മംഗളാദേവി ക്ഷേത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തമിഴ്നാടിന്റെ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നതായി സൂചന.

മംഗളാദേവി ക്ഷേത്രം തമിഴ്‌നാട്‌ ഏറ്റെടുത്തു നന്നാക്കണമെന്നും അവിടേക്ക്‌ തമിഴ്‌നാട്ടിലൂടെ വഴിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ്‌ തകര്‍ന്ന അവസ്‌ഥയിലുള്ള ഈ ക്ഷേത്രം. എല്ലാ വര്‍ഷവും ചിത്രാപൗര്‍ണമി നാളില്‍ മാത്രമേ ക്ഷേത്രത്തിലേക്ക്‌ പ്രവേശനമുള്ളൂ. ഈ വര്‍ഷത്തെ ഉത്സവം 14-നു നടക്കും. കേരള-തമിഴ്‌ നാട്‌ അധികതൃതര്‍ സംയുക്‌തമായാണ്‌ ഉത്സവത്തിനു നേതൃത്വം നല്‍കുന്നത്‌.

കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി നടക്കാനിരിക്കെയാണ്‌ തമിഴ്‌നാട്ടിലെ ചില സംഘടനകളുടെ നീക്കം. തേക്കടിയില്‍ നിന്ന്‌ 14 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ക്ഷേത്രത്തിലെത്തൂ.
അത്‌ കേരള വനം വകുപ്പിന്റെ അനുമതിയോടെ മാത്രമെ നടക്കുകയുള്ളു.

കടല്‍ നിരപ്പില്‍ നിന്ന്‌ 1337 മീറ്റര്‍ ഉയരത്തിലാണ്‌ മംഗളാദേവി ക്ഷേത്രം. മധുര ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തിയതായാണ് ഐതിഹ്യം. നൂറ്റാണ്ടുകളായി ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ ക്ഷേത്രഭൂമി തങ്ങളുടേതാണെന്ന്‌ പറഞ്ഞ് ഒരിക്കല്‍ തമിഴ്നാട് ഈ സ്ഥലം കൈയ്യേറാന്‍ ശ്രമിച്ചിരുന്നു.

അതിനു ശേഷം ഇരുസംസ്‌ഥാനങ്ങളുടെയും സഹകരണത്തോടെ ഉത്സവം നടത്താന്‍ തീരുമാനിക്കുകയായിരുന്നു‌. ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധി ഭക്‌തര്‍ ഉത്സവദിനത്തില്‍ എത്താറുണ്ട്.

പഴയംകുടി ഗ്രാമത്തില്‍ നിന്ന്‌ മംഗളാദേവിയിലേക്ക്‌ ഒരു റോഡ്‌ പണിയണമെന്ന്‌ ആവശ്യം ഉന്നയിച്ച്‌ ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. റോഡ്‌ ഉണ്ടാക്കിയാല്‍ കേരളത്തിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തിലെത്താന്‍ സാധിക്കും. കൂടാതെ ക്ഷേത്രത്തിന്റെ തകര്‍ന്ന അവസ്ഥ ചൂണ്ടിക്കാണിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :