തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് നാലുവയസ്സ്

തേക്കടി| WEBDUNIA|
PRO
2009 സെപ്തംബര്‍ മുപ്പതാം തീയതി. സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞപ്പോള്‍ തേക്കടിയില്‍ ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത. പിന്നെ രണ്ട്, നാല്, എട്ട്, 20, 25 എന്നിങ്ങനെ മരണസംഖ്യ ഉയരുകയായിരുന്നു. സ്വദേശികളും വിദേശികളുമായ 36 പേരുടെ മൃതദേഹം ആദ്യദിനം ജലാശയത്തില്‍ നിന്ന് കണ്ടെടുത്തു.

മലയാളി മനസൊരുമിച്ച് നിന്ന് ദുരന്തത്തെ നേരിട്ട കാഴ്ചയായിരുന്നു ലോകം അന്ന് കണ്ടത്. മോശം കാലാവസ്ഥയിലും ദുരന്തത്തില്‍പ്പെട്ടവരെ തേടി നാട്ടുകാര്‍ ജലാശയത്തില്‍ അലഞ്ഞു.

തേക്കടിയിലെ ബോട്ട് ലാന്‍ഡിങ്ങില്‍ നിന്ന് അരമണിക്കൂര്‍ ദൂരെ മണക്കവല എന്ന സ്ഥലത്ത് ആയിരുന്നു അപകടം നടന്നത്. നേരം വൈകിയതിനാല്‍ നിശ്ചിത ദൂരം പോകാതെ മണക്കവലയില്‍ നിന്ന്‌ ബോട്ട്‌ തിരിക്കുമ്പോള്‍ തലകീഴായി മറിയുകയായിരുന്നു.

അപകടം നടന്നതിന്‍റെ അഞ്ചാം ദിവസം ഹൈദരാബാദ് സ്വദേശി അഭിലാഷിന്‍റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തത്. ഇതോടെ അപകടത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 45 എന്ന് സ്ഥിരീകരിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട ബോട്ടായ ‘ജലകന്യക’യുടെ നിര്‍മ്മാണത്തിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ഇക്കാര്യം കാണിച്ച് ക്രൈം ബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. രൂപകല്‍പനയിലെ പിഴവും നിര്‍മാണത്തിലെ വൈകല്യവും മുതല്‍ യാത്രക്കാരെ അധികം കയറ്റിയതുവരെ അപകടത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ദുരന്തത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടന്നു. അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ സാധിച്ചിട്ടില്ല.

ജസ്റ്റീസ് എ മെയ്തീന്‍ കുഞ്ഞിന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് സമര്‍പ്പിച്ചു.ബോട്ടിന്റെ ഡ്രൈവര്‍, ലാസ്‌ക്കര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇതുവരെ കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടില്ല.

യാത്രക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളൊരുക്കാന്‍ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ശുപാര്‍ശയുണ്ടായിരുന്നു. ഇതനുസരിച്ച് ലൈഫ് ജാക്കറ്റുകള്‍ ബോട്ടില്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ദുരന്തത്തിന് ശേഷം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനമായ റസ്‌ക്യൂ ബോട്ട് ഏര്‍പ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :