മാതാവിനെ അഗതിമന്ദിരത്തിലാക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി

എ കെ ജെ അയ്യർ| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (16:35 IST)
അടൂർ: റോഡരുകിൽ കണ്ടെത്തിയ സ്ത്രീ എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു സ്വന്തം മാതാവിനെ അഗതിമന്ദിരത്തിൽ ആക്കിയ മകനിൽ നിന്ന് പിഴ ഈടാക്കി. തിരുവനന്തപുരം കല്ലയം കാരുംമൂട്‌ വനിതാ വിലാസത്തിൽ അജികുമാറിനെയാണ് അയ്യായിരം രൂപ പിഴ ശിക്ഷ വിധിച്ചത്.

മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആർ.ഡി.ഓ തുളസീധരൻ പിള്ള അജികുമാറിന് പിഴശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂലൈ പതിനാലാം തീയതി രാത്രി അജികുമാർ മാതാവിനെ മിത്രപുരത് വഴിയിൽ കൊണ്ടുനിർത്തി. ഒരു വയോധിക ക്ഷീണിതയായി റോഡരുകിൽ നിൽക്കുന്നു എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചശേഷം മഹാത്മാ ജനസേവന കേന്ദ്രത്തിലാക്കി.

എന്നാൽ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജികുമാറും ഭാര്യയും കൂടി നടത്തിയ നാടകമായിരുന്നു ഇതെന്ന് കണ്ടെത്തി. തുടർന്നാണ് ആർ.ഡി.ഓ ക്ക് പരാതി നൽകിയത്. മാതാവിന് സുരക്ഷിത താമസം ഒരുക്കി സംരക്ഷിക്കണമെന്നും മെയിന്റനൻസ് ട്രിബുണൽ നിർദ്ദേശിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :