ആര്‍ക്ക് പിന്തുണ നല്‍കും; പത്തനാപുരം ‘അമ്മ’യ്‌ക്ക് തലവേദനയാകുന്നു, വെട്ടിലായത് മമ്മൂട്ടിയും ഇന്നസെന്റും, ഗണേഷും ജഗദീഷും ഒരുപോലെയെന്ന് മോഹല്‍‌ലാല്‍

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയിലും ഭിന്നത രൂക്ഷമായി

 നിയമസഭ തെരഞ്ഞെടുപ്പ് , ഗണേഷ് കുമാര്‍ , ജഗദീഷ് , കോണ്‍ഗ്രസ് , അമ്മ , മലയാള സിനിമ
കൊച്ചി| jibin| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (15:10 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍
നേര്‍ക്കുനേര്‍ എത്തുന്നതോടെ പത്തനാപുരത്ത് ഗ്ലാമര്‍ പോരാട്ടമാകും അരങ്ങേറുക. കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഗദീഷും ഗോദയിലിറങ്ങുന്നതോടെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയിലും ഭിന്നത രൂക്ഷമായി.

ജഗദീഷിനെതിരെ പ്രാദേശിക വികാരമുണ്ടെങ്കിലും കോണ്‍ഗ്രസ് ആഞ്ഞുപിടിച്ചാല്‍ ജയിച്ചുകയറുമെന്നാണ് നിലവിലുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയെ ഉപയോഗിച്ച്‌ ജഗദീഷിനെ മത്സരരംഗത്തുനിന്നും മാറ്റാനായിരുന്നു ഗണേഷിന്റെ നീക്കം. അമ്മയിലെ രണ്ടു താരങ്ങള്‍ നേര്‍ക്കുനേര്‍ ഒരു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സംഘടനയില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ഗണേഷ് വ്യക്തമാക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ്‌ അമ്മയുടെ ഭാഗമല്ലെന്നും ജഗദീഷിനോട്‌ മാറാന്‍ ആവശ്യപ്പെടില്ലെന്നുമായിരുന്നു സംഘടനാ നേൃത്വത്തിന്റെ മറുപടി. അത്രയ്‌ക്ക് നിര്‍ബന്ധമാണെങ്കില്‍ പത്തനാപുരത്തുനിന്നും വിജയിച്ച ഗണേഷ്‌കുമാര്‍ മണ്ഡലം മാറാനും അവര്‍ അമ്മയില്‍ നിന്ന് ഉപദേശമുണ്ടായി.

അമ്മയില്‍ ശക്തനായ ഗണേഷിനെതിരെ ജഗദീഷ് മത്സരിക്കുന്നത് തലവേദനയുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതിനിടെ താന്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്നും സംഘടനയില്‍ നിന്ന് പിന്തുണ ആവശ്യമാണെന്നും ജഗദീഷ് അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനെ അറിയിച്ചു. മത്സരിക്കരുതെന്ന് ഒരു വിഭാഗം താരങ്ങള്‍ പറഞ്ഞപ്പോള്‍ ഒരുവിഭാഗം കോണ്‍ഗ്രസ് അനുകൂല താരങ്ങള്‍ ജഗദീഷിന് പിന്തുണ നല്‍കുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ഇടതുപാളയത്തില്‍ നില്‍ക്കുന്ന ഇന്നസെന്റിനും മമ്മൂട്ടിയും ആര്‍ക്ക് പിന്തുണ നല്‍കുമെന്ന ആശയക്കുഴപ്പത്തിലാണ്. ലോക്‍സഭാ അംഗമായ ഇന്നസെന്റിന് ഗണേഷിന് തുറന്ന പിന്തുണ നല്‍കാതിരിക്കന്‍ സാധ്യമല്ല. ഇടതു സഹയാത്രികനായ മമ്മൂട്ടിയെ പത്തനാപുരത്ത് എത്തിച്ച് രംഗം കൊഴുപ്പിക്കാനായിരുന്നു ഗണേഷിന്റെ നീക്കം. എന്നാല്‍, അടുത്ത സുഹൃത്തായ ജഗദീഷിനെ തഴയാന്‍ മടിക്കുന്ന മമ്മൂട്ടി അത്തരമൊരു നീക്കത്തിന് കൂട്ടുനില്‍ക്കില്ല എന്നത് ഗണേഷിന് തിരിച്ചടിയാകും.

അതേസമയം, ജഗദീഷും ഗണേഷുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മോഹന്‍‌ലാല്‍ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. ഇരുവരുമായി മോഹന്‍‌ലാലിന് അടുത്തബന്ധമുണ്ടെങ്കിലും
സിനിമാ മന്ത്രിയായിരുന്നപ്പോള്‍ ഗണേഷില്‍ നിന്ന് ലഭിച്ച പിന്തുണയും സഹായവും മോഹല്‍‌ലാലിന് വിസ്‌മരിക്കാന്‍ കഴിയാത്തതാണ്. കൊല്ലം തുളസിയെ മണ്ഡലത്തില്‍ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്ന കാര്യം വ്യക്തമായി അറിയാമെന്ന മോഹന്‍‌ലാല്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന ധര്‍മ്മസങ്കടത്തിലാണ്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിഷയത്തില്‍ തീരുമാനം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

വര്‍ഷങ്ങളായി ജഗദീഷ് യുഡിഎഫിനോടും കോണ്‍ഗ്രസിനോടും കാണിക്കുന്ന അടുപ്പം പരസ്യമാണ്. കൂടാതെ എന്‍എസ്എസുമായുള്ള അടുപ്പവും ഗണേഷിനെ ഭയപ്പെടുത്തുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തിരിച്ചടി നേരിട്ടതും കേരളാ കോണ്‍ഗ്രസിനെ ധര്‍മസങ്കടത്തിലാക്കുന്നുണ്ട്. ഈ കാരണങ്ങളാണ് ജഗദീഷ് വിഷയം അമ്മയില്‍ അവതരിപ്പിക്കാനും അനുകൂല സാഹചര്യം ഒരുക്കാനുമുള്ള വേദിയാക്കി ഗണേഷ് കണ്ടത്. എന്നാല്‍ സംഘടന കൈമലര്‍ത്തുന്ന അവസ്ഥ ഉണ്ടായതോടെ മറ്റുവഴികള്‍ തേടുകയാണ് ഗണേഷ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :