മലപ്പുറം|
Sajith|
Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (09:59 IST)
ഇനി തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണയും നിലമ്പൂരിലെ കോൺഗ്രസ് സ്ഥാനാർഥി പരിഗണനാപ്പട്ടികയിൽ ആര്യാടൻ മുഹമ്മദിന്റെ പേരുണ്ട്.
ആര്യാടൻ മുഹമ്മദ് മാറിയാൽ പിന്നെ നിലമ്പൂരിൽ അടുത്ത ഊഴം ആർക്കായിരിക്കുമെന്ന ചോദ്യം ഉയരുമ്പോഴാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കെപിസിസി സെക്രട്ടറി വി വി പ്രകാശ് വേണോ അതോ മകൻ ആര്യാടൻ ഷൗക്കത്ത് വേണോ എന്ന തർക്കത്തിനിടയിൽ സമവായ സ്ഥാനാർഥിയായി ആര്യാടൻ മുഹമ്മദ് വീണ്ടുമെത്തുമെന്ന പ്രചാരണത്തിനിടയിലാണ് ആര്യാടൻ ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടിയിൽ സജീവമായി പ്രവർത്തിക്കും. പാർലമെന്ററി രംഗത്തേക്ക് ഇനിയില്ല. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആരുവന്നാലും വിജയിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1965 മുതൽ നിലമ്പൂരിൽ പതിനൊന്നു തവണ മത്സരിച്ച ആര്യാടൻ മുഹമ്മദ് എട്ടു പ്രാവശ്യമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.