രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്ക് പരിശീലനം; ഓണം ബംബര്‍ മുതല്‍ ഇതുവരെ നല്‍കിയത് 190 കോടിയുടെ ഒന്നാം സമ്മാനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (10:18 IST)
രാജ്യത്ത് ആദ്യമായി ഭാഗ്യക്കുറി സമ്മാന ജേതാക്കള്‍ക്ക് പരിശീലന പരിപാടിയൊരുങ്ങുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായവര്‍ക്കായി ധനമാനേജ്മന്റ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. സമ്മാനമായി ലഭിക്കുന്ന പണം ഉചിതമായ രീതിയില്‍ വിനിയോഗിക്കാത്തതു കാരണം ജേതാക്കളില്‍ ചിലര്‍ക്കെങ്കിലും പ്രശ്നങ്ങളുണ്ടാവുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നവീനമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച പരിശീലനത്തിന് വേണ്ടി മോഡ്യൂള്‍ തയാറാക്കിയത് തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ്.

2022 ഓണം മെഗാ ഒന്നാം സമ്മാനത്തിനര്‍ഹനായ ഭാഗ്യവാന്‍ മുതല്‍ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ വട്ട
പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ധന വിനിയോഗത്തിന് പുറമേ നികുതികള്‍, നിക്ഷേപപദ്ധതികള്‍, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും പ്രശ്നങ്ങളും, ഇന്‍ഷുറന്‍സ്, മാനസിക സംഘര്‍ഷ ലഘുകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍
12 ന് രാവിലെ 10 മണിക്ക് മാസ്‌കറ്റ് ഹോട്ടലില്‍ ധനമന്ത്രി കെ .എന്‍ ബാലഗോപാല്‍ പരിപാടി
ഉദ്ഘാടനം ചെയ്യും.

2022 ആഗസ്റ്റ്
ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ 242 നറുക്കെടുപ്പുകളിലായി 190 കോടിയോളം രൂപ ഒന്നാം സമ്മാനമായി നല്‍കിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഏജന്റുമാരുടെ വരുമാനം 2327.3 കോടി രൂപയായിരുന്നു. എന്നാല്‍ 2022-2023 സാമ്പത്തിക വര്‍ഷമിത് 3830.78 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സമ്മാനങ്ങളുടെ എണ്ണം 5,22,02,411
ആയിരുന്നത് 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ 8,35,15,592 ആയി വര്‍ദ്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :