സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 ഏപ്രില്‍ 2024 (20:11 IST)
മഷിപുരണ്ട ചൂണ്ടുവിരല്‍ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാള്‍ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയല്‍) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കുറി 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍.