അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കോന്നി എം‌എല്‍‌എയുടെ നേതൃത്വത്തില്‍ സംയുക്‍ത പരിശോധന

കോന്നി| സുബിന്‍ ജോഷി| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (16:34 IST)
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ ശക്തമായ ഇടപെടീൽ നടത്താനും, കടകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത പരിശോധന നടത്താനും കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. റേഷൻ കടകളിലൂടെയുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം തിരക്കൊഴിവാക്കി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. റേഷൻ വിതരണത്തിന് തിരക്കൊഴിവാക്കാനുള്ള പദ്ധതി മണ്ഡലത്തിലുടനീളം നടപ്പിലാക്കുമെന്നും എംഎൽഎ പറഞ്ഞു.

യോഗശേഷം എംഎൽഎയും ജനപ്രതിനിധികളും സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥരും സംയുക്തമായി കടകളിൽ പരിശോധന നടത്തി. പലചരക്കുകടകളിൽ ചെറുപയർ പോലെയുള്ള ചില സാധനങ്ങൾ ഹോൾ സെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ചെറുകിട വ്യാപാരികൾ പരാതി പറഞ്ഞു. വ്യാപാരികളുമായി ബന്ധപ്പെട്ട് പ്രശ്നം ഉടൻ പരിഹരിക്കാൻ എംഎൽഎ സിവിൽ സപ്ലെയ്സ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. വിലവിവര പട്ടിക എല്ലാ വ്യാപാരികളും പ്രദർശിപ്പിക്കണമെന്നും പ്രദർശിപ്പിക്കുന്നു എന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. ചില മൊത്തക്കച്ചവടക്കാർ സ്ഥാപനങ്ങൾ അടച്ചിട്ടതായി ഉയർന്നു വന്ന പരാതി ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന് എംഎൽഎ പറഞ്ഞു.

ചെറുകിട പച്ചക്കറി കച്ചവടക്കാർക്ക് പച്ചക്കറി ലഭിക്കുന്നുണ്ട് എങ്കിലും, ഹോൾസെയിൽ വ്യാപരികൾക്ക് ലോഡ് വരുന്നത് കാത്തു നില്ക്കുകയും, വാങ്ങി കൊണ്ടുവരാൻ തിരക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കൂടുതൽ ലോഡ് പച്ചക്കറി എത്തിക്കാൻ ഇടപെടുമെന്ന് എംഎൽഎ പറഞ്ഞു. ഹോട്ടികോർപ്പിനോട് പച്ചക്കറി എത്തിക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തുമെന്നും എംഎൽഎ പറഞ്ഞു.

പ്രമാടം പഞ്ചായത്തിലെ പലചരക്ക്, പച്ചക്കറി, ബേക്കറി, റേഷൻ കട തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ പഞ്ചായത്തിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. സൗജന്യ ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച് റേഷൻ വ്യാരികളുടെ അഭിപ്രായവും എംഎൽഎ തേടി.

എംഎൽഎയെ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പികെ, പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഗ്രാമപഞ്ചായത്ത് അംഗം കെ എം മോഹനൻ നായർ, താലൂക്ക് സപ്ലെ ഓഫീസർ അനിൽകുമാർ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ജോയ്സൺ കോശി, ജയചന്ദ്രൻ പിള്ള തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :