രേണുക വേണു|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (12:26 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ കേരളത്തില്‍ പുനഃരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ (ബുധനാഴ്ച) മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള നാല് പ്രത്യേക തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് നടത്തും. ചെന്നൈ-മംഗളൂരു എക്സ്പ്രസ് (02685, 02686), ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് (06627, 06628), ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് (02639, 02640), ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് (02695,02696) എന്നീ പ്രതിദിന തീവണ്ടികളും ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസുമാണ് (02697, 02698) സര്‍വീസ് പുനരാരംഭിക്കുന്നത്. കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് (06323,06324) ബുധനാഴ്ച ആരംഭിക്കും. തീവണ്ടികളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഈ തീവണ്ടികള്‍ ജൂണ്‍ 15 വരെയാണ് റദ്ദാക്കിയിരുന്നത്.
അതേസമയം, കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നാളെയോടെ അവസാനിച്ചേക്കും. മേയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്.
ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതികളില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരും. രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങളായിരിക്കും ഇനി ഏര്‍പ്പെടുത്തുക. എന്തൊക്കെ തരത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഇന്ന് അറിയിക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തുടരണം. അതിതീവ്ര രോഗവ്യാപനത്തിനു കാരണമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കേരളത്തിലുണ്ട്. അതുകൊണ്ട് ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഇളവുകളും നിയന്ത്രണങ്ങളുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ടി.പി.ആര്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. കുറവുള്ള പഞ്ചായത്തുകളില്‍ ഇളവ് നല്‍കും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും നിയന്ത്രണം വാര്‍ഡ് അടിസ്ഥാനത്തില്‍ ആയിരിക്കും. പൊതുഗതാഗത സംവിധാനം ഭാഗികമായി ആരംഭിക്കും. നേരത്തെ, കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനഃരാരംഭിച്ചിരുന്നു.