തിരുവനന്തപുരം|
VISHNU N L|
Last Updated:
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:05 IST)
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും രണ്ടുതട്ടിലെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തദ്ദേശതെരഞ്ഞെടുപ്പ് നടത്തുന്നതാകും നല്ലതെന്നാണ് സര്‍ക്കാരിലും യുഡിഎഫിലും ഉല്ല ഇപ്പോഴത്തെ പൊതുവായ നിര്‍ദ്ദേശം. മാത്രമല്ല വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്തതും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നീണ്ടുപോകുന്നതും ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പ് ആറുമാസത്തേക്ക് നീട്ടിവയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം പുതിയ വാര്‍ഡുവിഭജനം നീളുന്ന സാഹചര്യത്തില്‍, നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാപരമായ ബാധ്യതയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പുകമ്മീഷന്‍ ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തതൊടെയാണ് സര്‍ക്കാരും കമ്മീഷനും തമ്മിലുള്ള അഭിപ്രായഭിന്നത പുറത്തായത്.
കത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ വലിയ മേല്‍ക്കൈ യുഡിഎഫിനുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. മേല്‍ക്കൈ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബിജെപിയുടെ വളര്‍ച്ചയും ഇടതുമുന്നണിയുടെ ജീവന്മരണപ്പോരാട്ടവും കണക്കിലെടുക്കണം. ഈ സാഹചര്യം തൊട്ടുചേര്‍ന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. നേരെമറിച്ച് സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട ഫലം കൊയ്യാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.