സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 15 ഡിസംബര്‍ 2018 (18:15 IST)
നടി ലീന മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടീപാർലറിന് നേരെ ഉണ്ടായ വെടിവെപ്പിന് മുബൈ അധോലോകവുമായി ബന്ധമെന്ന് റിപ്പോർട്ടുകൾ. അധോലോക നായകൻ രവി പൂജാരയുടെ പേരിലാണ് ലീന മരിയ പോളിന് ഭീഷണി സന്ദേസങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശത്തിലൂടെ 25 കോടി രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാൻ ലീന മരിയ പോൾ കൂട്ടാക്കിയില്ല. ഭീഷണി സന്ദേശം, വന്നതായി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പനമ്പള്ളി നഗറിലെ ബ്യൂട്ടീപാർലറിന് നേരെ വെടിവെപ്പുണ്ടായത് എന്നാണ് നിഗമനം.
ശനിയാഴ്ച വൈകിട്ട് മുന്ന് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ സ്ഥാപനത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ തന്നെ ഇവർ രക്ഷപ്പെടുകയും ചെയ്തു. വെടിയുതിർത്ത ശേഷം മുംബൈ അധോലോകവുമായി തങ്ങൾക്ക് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന കടലാസും ഉപേക്ഷിച്ചാണ്. പ്രതികൾ കടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല
പൊലീസ് സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സമീപത്തെ സി സി ടി വി ക്യാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ഇതിൽനിന്നും പ്രതികളെ തിരിച്ചറിയാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല.