രേണുക വേണു|
Last Modified വ്യാഴം, 6 നവംബര്‍ 2025 (10:49 IST)
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഉറപ്പിച്ച് ഇടതുമുന്നണി. 2020 ലെ പോലെ വലിയ വിജയം ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയത്തിനു ശേഷം 76 സീറ്റുകളാണ് കോര്‍പറേഷനില്‍ ഉള്ളത്. ഇതില്‍ 50 സീറ്റെങ്കിലും നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനുള്ളിലുണ്ട്.
2020 ല്‍ 75 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്‍ഡിഎഫ് - 49, യുഡിഎഫ് - 14, ബിജെപി - ഏഴ്, സ്വതന്ത്രര്‍ - അഞ്ച് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയായിരിക്കും കോഴിക്കോട് കോര്‍പറേഷനിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക.
മേയര്‍ സ്ഥാനാര്‍ഥിയായി നിലവിലെ ഡപ്യൂട്ടി മേയറും സിപിഎം നേതാവുമായ സി.പി.മുസാഫര്‍ അഹമ്മദിന്റെ പേരിനാണ് മുന്‍തൂക്കം. സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മുന്‍ എംഎല്‍എ എ.പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപ് ഇത്തവണ മല്‍സരരംഗത്തുണ്ടാകും. കോര്‍പറേഷനില്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അമിതയെ ഡപ്യൂട്ടി മേയറാക്കാനും സാധ്യതയുണ്ട്. നിലവിലെ മേയര്‍ ബീന ഫിലിപ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ് ആയിരിക്കും കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി.