രേണുക വേണു|
Last Modified ശനി, 1 നവംബര്‍ 2025 (20:29 IST)
Mammootty: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഹൃദ്യമായ വാക്കുകളുമായി നടന്‍ മമ്മൂട്ടി. കേരളം തന്നേക്കാള്‍ ചെറുപ്പമാണെന്നും സാമൂഹിക സൂചികകളില്‍ നമ്മുടെ നാട് ലോകത്തെ അമ്പരപ്പിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.
' അഞ്ചെട്ട് മാസത്തിനു ശേഷമാണ് ഞാന്‍ പൊതുവേദിയില്‍ എത്തുന്നത്. അത് കേരളപ്പിറവി ദിനം ആയതില്‍ സന്തോഷം. കേരളത്തിനു എന്നേക്കാള്‍ നാലഞ്ച് വയസ് കുറവ്. എന്നേക്കാള്‍ ചെറുപ്പമാണ് കേരളം. അപ്പോള്‍ കേരളം എത്രത്തോളം ചെറുപ്പമാണെന്ന് നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. സാമൂഹിക സൂചികകളില്‍ ലോകത്തെ അമ്പരിപ്പിക്കുകയാണ് കേരളം. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായിരിക്കുകയാണ് കേരളം. അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം ഇനിയും ബാക്കിയുണ്ട്. അതിദാരിദ്ര്യമേ മാറ്റിയിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണ്. വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. എട്ട് ഒന്‍പത് മാസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ കേരളത്തിലെത്തിയിരിക്കുന്നത്. ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്,' മമ്മൂട്ടി പറഞ്ഞു.
അസുഖ ബാധിതനായ മമ്മൂട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത്. അസുഖം മാറി കഴിഞ്ഞ മാസം താരം തിരിച്ചെത്തി. നാട്ടില്‍ എത്തിയ ശേഷം ആദ്യമായാണ് മമ്മൂട്ടി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.