PSC calender 2024: LD ക്ലാർക്ക്, LP അധ്യാപക പരീക്ഷകൾ ജൂലായ് മുതൽ, 2024ലെ PSC പരീക്ഷ കലണ്ടർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജനുവരി 2024 (19:58 IST)
2024ലെ വാര്‍ഷിക പരീക്ഷ കലണ്ടര്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2023ല്‍ വിജ്ഞാപനം ചെയ്തതും പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചിട്ടില്ലാത്തതുമായ എല്ലാ തസ്തികകളുടെയും പരീക്ഷകള്‍ മാര്‍ച്ച് മുതല്‍ നടക്കുമെന്ന് പി എസ് സി അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി തസ്ത്കയിലേയ്ക്കുള്ള പ്രാഥമിക പരീക്ഷ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാകും നടക്കുക. മുഖ്യപരീക്ഷയ്ക്ക് 100 മാര്‍ക്ക് വീതം(പൊതുവിജ്ഞാനം,തദ്ദേശ സ്വയംഭരണ തത്വങ്ങള്‍) ഉണ്ടായിരിക്കും.

വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലര്‍ക്ക് നിയമനത്തിനുള്ള പി എസ് സി പരീക്ഷ ജൂലായ്,ഓഗസ്റ്റ്,സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കും. ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് പരീഷ സെപ്റ്റംബര്‍,ഒക്ടോബര്‍,നവംബര്‍ മാസങ്ങളിലാകും.പുരുഷ/വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷകള്‍ മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലായിരിക്കും നടത്തുക. യു.പി.സ്‌കൂള്‍ അധ്യാപക പരീക്ഷ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും എല്‍ പി സ്‌കൂള്‍ അധ്യാപക പരീക്ഷ ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലും നടത്തും.

തദ്ദേശ സ്വയംഭരണ വകുപ്പില്‍ സെക്രട്ടറി, പോലീസ് എസ്.ഐ., എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍, മില്‍മയില്‍ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ തുടങ്ങി ബിരുദം യോഗ്യതയുള്ള തസ്തികകളിലേക്ക് ഏപ്രില്‍,മെയ്,ജൂണ്‍ മാസങ്ങളില്‍ പൊതുപ്രാഥമിക പരീക്ഷയുണ്ടാകും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് തസ്തിക തിരിച്ച് ഓഗസ്റ്റ്,സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളില്‍ മുഖ്യപരീക്ഷയുണ്ട്.

സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് തുടങ്ങിയവയില്‍ ഓഫീസ് അറ്റന്‍ഡന്റ്, പൗള്‍ട്രി ഡിവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്‌റ്റോര്‍ കീപ്പര്‍, ഫിലിം ഡിവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ സ്‌റ്റോര്‍ കീപ്പര്‍, അച്ചടി വകുപ്പില്‍ അസിസ്റ്റന്റ് ടൈം കീപ്പര്‍, ഹയര്‍ സെക്കന്‍ഡറിയില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികകള്‍ക്ക് ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. ഇവരുടെ മുഖ്യപരീക്ഷ 2025 മാര്‍ച്ച്,ഏപ്രില്‍,മെയ് മാസങ്ങളിലാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :