ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ല: തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ലക്ഷ്മി രാജീവ്

Sumeesh| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2018 (14:44 IST)
ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് എഴുത്തുകാരിയും ക്ഷേത്ര ഗവേഷകയുമായ ലക്ഷ്മി രാജീവ്. ഇത് തെളിയിക്കുന്ന രേഖകൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മണ്ഡല കാലം തുടങ്ങുന്നതിനു മുൻപ് കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താൻ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ലക്ഷ്മി രാജീവ് വ്യക്തമാക്കി.

ധർമ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ “സ്നിഗ്ധാരാള...” എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധർമ്മശാസ്താവിന്റെതാണ്. “ധ്യായേൽ ചാരുജടാനിബദ്ധ മകുടം...” എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കിൽ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തർക്ക് അറിയാൻ അവകാശം ഉണ്ടെന്നും ലക്ഷ്മി രാജീവ് ഫെയിസ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസിറ്റിന്റെ പൂർണരൂപം

ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ.
(ഇത് ആർക്കു വേണോ ഷെയർ ചെയ്യാം. അനുവാദം ആവശ്യമില്ല.)

ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരി അല്ല പ്രതിഷ്ഠ എന്ന് തെളിയിക്കുന്ന ചിലതു ശേഖരിച്ചിരുന്നു. കൂടുതൽ അന്വേഷങ്ങൾക്കു സ്വയം പ്രാപ്തരാവുക. എനിക്ക് കുറച്ചു വിവരങ്ങൾ കൂടെ തരാനാവും . മണ്ഡല കാലം തുടങ്ങുന്നതിനു മുൻപ് കേരളത്തെ ബാധിച്ച ഈ അസംബന്ധം തിരുത്താൻ കഴിയുന്നത്ര ശ്രമിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ വെറുതെ പോസ്റ്റ് ഇട്ടു ശ്രദ്ധ പിടിക്കുന്നതല്ല .Swami Chaitanya, Sreechithran Mj ചർച്ചകളിൽ ഇതും കൂടി ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ തരാനാവും .​ ക്ഷേത്ര തന്ത്രം പഠിക്കുന്ന കുട്ടികൾ ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം കൊണ്ടുവരേണ്ടതാണ്.

ഒരുവിധം വിവരങ്ങൾ തരാൻ ശ്രീകാന്ത് വിഷ്ണു, എന്നിവർക്ക് സാധിക്കും. Tagged in comment box.

1) ശബരിമല ധർമ്മശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കിൽ “സ്നിഗ്ധാരാള...” എന്ന് തുടങ്ങുന്ന ധ്യാനത്തിന്റെ മന്ത്രം എന്തിന് ഉപയോഗിക്കുന്നു? സ്നിഗ്ധാരാള എന്ന് തുടങ്ങുന്ന ധ്യാനം പ്രഭ എന്ന ഭാര്യയോടും സത്യകൻ എന്ന് പുത്രനോടും കൂടി ഇരിക്കുന്ന ധർമ്മശാസ്താവിന്റെതാണ്.

2) “ധ്യായേൽ ചാരുജടാനിബദ്ധ മകുടം...” എന്ന് തുടങ്ങുന്ന ധ്യാനമാണ് ശബരിമലയുടേത് എങ്കിൽ അതിന്റെ ഋഷി, ഛന്ദസ്സ്, മൂലമന്ത്രം തുടങ്ങിയവ ഭക്തർക്ക് അറിയാൻ അവകാശം ഉണ്ട്.

3) പട്ടബന്ധം ധരിച്ചിരിക്കുന്നത് കൊണ്ടാണ് നൈഷ്ഠിക ബ്രഹ്മചാരി എന്ന് പറയുന്നതെങ്കിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ സ്വാമി ഇതേ രൂപത്തിൽ പട്ടബന്ധം ധരിച്ചാണ്...അവിടെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടല്ലോ.

4) നൈഷ്ഠിക ബ്രഹ്മചാരി ആയ സന്ന്യാസി ആണ് പ്രതിഷ്ഠ എങ്കിൽ സാത്വിക ഭാവമായിരിക്കണം....മുല്ല,പിച്ചി തുടങ്ങിയ മാദക പുഷ്പങ്ങൾ നിഷിദ്ധം ആയിരിക്കണം... പക്ഷേ ശബരിമലയിൽ അങ്ങനെ ഇല്ല...പോരാത്തതിന് ഉഗ്രമൂർത്തികൾക്ക് നിവേദിക്കുന്ന പാനകം അത്താഴ പൂജയ്ക്ക് നിവേദിക്കുന്നു.

5) മൂലബിംബം പട്ട ബന്ധം ധരിച്ചാണ്... പക്ഷേ ഉത്സവബിംബമോ? തികച്ചും യൗവനയുക്തനായ,കിരീടവും അമ്പും വില്ലും ധരിച്ച ധർമ്മശാസ്താവ്..രണ്ടു ഭാവവും തമ്മിൽ പുലബന്ധം പോലുമില്ല.

6) രാഹുൽ ഈശ്വർ എപ്പോഴും വാദിക്കുന്നത് ശബരിമലയിൽ അയ്യപ്പൻ ആണ് ധർമ്മശാസ്താവ് അല്ല എന്ന്... എങ്കിൽ എന്തിനാണ് ധ്വജത്തിൽ ധർമ്മശാസ്താവിന്റെ വാജി വാഹനം? പതിനെട്ടാം പടിക്ക് ഇരുവശവും ധർമ്മശാസ്താവിന്റെ വാഹനമായ പുലിയും ആനയും എന്തിനാണ്?

7) പതിനെട്ടാം പടിക്ക് താഴെ കറുപ്പ് സ്വാമി യും കറുപ്പായി അമ്മയും ഉണ്ട്...കറുപ്പായി അമ്മ സ്ത്രീ അല്ലേ?

8) ഏറ്റവും പ്രധാനമായി ശബരിമല ധർമ്മശാസ്താവിന്റെ തിരുവാഭരണപ്പെട്ടി തുറന്ന് കാണിക്കൂ...അതിൽ പൂർണ്ണ പുഷ്ക്കല വിഗ്രഹം ഉണ്ടല്ലോ....മകരസംക്രമ സന്ധ്യയിൽ അതും വിഗ്രഹസമീപം വയ്ക്കാറുണ്ട്ല്ലോ..അപ്പോൾ നൈഷ്ഠികബ്രഹ്മചര്യം എവിടെ പോകുന്നു.

9) ഹരിവരാസനത്തിലും പുത്രനെ വർണ്ണിക്കുന്നുണ്ട് .

10) ക്ഷേത്രം മലയരന്മാരുടേതാണോ ?

വിശദമായി പഠിച്ച ശേഷമേ പറയാൻ പറ്റൂ.പക്ഷെ അതാണ് സത്യം എന്ന് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട് .

​ലോക നന്മക്കുള്ള ആചാരമാണെങ്കിൽ സംരക്ഷിക്കപ്പെടട്ടെ. അനാചാരം സംരക്ഷിക്കേണ്ട കാര്യം നമുക്കില്ല. നമ്മളെ തമ്മിലടിപ്പിക്കാൻ ആർക്കും നിന്നുകൊടുക്കരുത്. ​


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :