ശ്രീനു എസ്|
Last Modified വെള്ളി, 18 ജൂണ്‍ 2021 (20:14 IST)
മരംമുറി സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബര്‍ 24ല്‍ ഇറക്കിയ ഉത്തരവില്‍ തെറ്റില്ലെന്ന് പറയുന്ന റവന്യൂ മന്ത്രി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആ നിയമം റദ്ദുചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍
ഉത്തരവില്‍ തെറ്റുസംഭവിച്ചു എന്ന് തുറന്നു സമ്മതിക്കാനും തന്മൂലമുണ്ടായ കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ആര്‍ജ്ജവം മന്ത്രി കാണിക്കണം. അതിലൂടെ മൂല്യാധിഷ്ഠിത കക്ഷി രാഷ്ട്രീയത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കണം. 2020 മാര്‍ച്ചിലെ സര്‍ക്കുലറിലും ഒക്ടോബറിലെ ഉത്തരവിലും പിശകും അവ്യക്തതയും ഉണ്ടെന്ന് റവന്യൂ സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. തെറ്റായ ഉത്തരവിനെക്കുറിച്ച് ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ആവശ്യമില്ല. 1964 ലെ ഭൂപതിവു ചട്ടവും അതിനാധാരാമായ ആക്ടും ഒരു എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രിന്‍സിപ്പല്‍ റവന്യൂ സെക്രട്ടറിക്ക് മാറ്റിമറിക്കാനാകുമോ എന്ന അടിസ്ഥാന ചോദ്യത്തില്‍ നിന്നും മന്ത്രി ഒഴിഞ്ഞു മാറുകയണ്.
ആക്ട് ഭേദഗതി ചെയ്ത് നിയമസഭ പാസാക്കാത്തിടത്തോളം കാലം 1964 ലെ റൂള്‍സ് പൂര്‍ണ്ണ അര്‍ത്ഥത്തിലും നടപടി ക്രമത്തിലും നിലനില്‍ക്കും. അതുവഴി പട്ടയഭൂമിയിലെ രാജകീയ(റിസര്‍വ്) മരങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം ഉറപ്പ് നല്‍കുന്നു.
റവന്യൂ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനം മന്ത്രിസഭാ യോഗ തീരുമാനമാണ്. അതിന്റെ മിനുട്സ് പുറത്തുവിട്ട് വിവാദ ഉത്തരവിന് വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.