ലക്ഷദ്വീപ് വിഷയത്തില്‍ സിപിഐ, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പ്: കുമ്മനം രാജശേഖരന്‍

ശ്രീനു എസ്| Last Modified ചൊവ്വ, 25 മെയ് 2021 (15:56 IST)
ലക്ഷദ്വീപ് വിഷയത്തില്‍ സിപിഐ, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് നേതാക്കള്‍ ലക്ഷ്യം വെക്കുന്നത് വര്‍ഗ്ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങള്‍ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ് - സിപിഎം - കോണ്‍ഗ്രസ്സ് - തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.

ഗുജറാത്തുകാരനാണ് അഡ്മിനിസ്‌ട്രേറ്ററെന്നും കര്‍ണാടക തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിടുന്നുവെന്നും മറ്റും പ്രചരിപ്പിച്ചും പ്രാദേശികവും വര്‍ഗ്ഗീയവുമായ വികാരം ആളിക്കത്തിച്ചും രാഷ്ട്രീയ ലാഭം കൊയ്യുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്ന് ഈ നേതാക്കള്‍ മനസ്സിലാക്കണം. കുറ്റകൃത്യമില്ലാത്ത ലക്ഷദ്വീപില്‍ എന്തിനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടിയ നിരവധി കേസുകളുണ്ട്. തീവ്രവാദ സംഘടനകളുടെ താവളമാകുന്നുവെന്ന മുന്നറിയിപ്പ് ഭരണാധികാരികള്‍ക്ക്
കണക്കിലെടുത്തേ പറ്റൂ.

ശത്രുരാജ്യങ്ങള്‍ ലക്ഷ്യമിടുന്ന വളരെ തന്ത്ര പ്രധാനമായ സ്ഥലമാണ് ലക്ഷദ്വീപ്. അവിടുത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചുവിട്ട് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നവര്‍ ദേശീയ താല്പര്യങ്ങളെയാണ് ധ്വംസിക്കുന്നത്. സത്യാവസ്ഥ മനഃപൂര്‍വ്വം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. ബേപ്പൂര്‍ തുറമുഖത്ത് കപ്പല്‍ അടുക്കാന്‍ അസൗകര്യമുള്ളതുകൊണ്ടാണ് സൗകര്യങ്ങള്‍ ഉള്ള മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റിയത് എന്ന് ബന്ധപ്പെട്ട എം പി പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായപ്പോള്‍ ലക്ഷദ്വീപിലും ഉണ്ടായി. ഇതിന്റെ പേരില്‍ അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, കേരളത്തില്‍ പ്രതിദിനം ഇരുപതിനായിരത്തോളം പേര്‍ക്ക്
രോഗം ബാധിക്കുന്നതിന്റെയും, മരണ സംഖ്യ 7500 ആയതിന്റെയും, ഒരു ദിവസം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 70 പേര്‍ മരിച്ചതിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ലക്ഷദ്വീപില്‍ നാളിതുവരെ വേരൂന്നാന്‍ കഴിയാത്ത മുസ്ലിം ലീഗിനും സിപിഎമ്മിനും വര്‍ഗ്ഗീയ മുതലെടുപ്പിലൂടെ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :