കുടുംബ ശ്രീയില്‍ തമ്മിലടി; മഞ്ജു വാര്യര്‍ക്കെതിരെയും മുറുമുറുപ്പ്!

തിരുവനന്തപുരം| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (17:00 IST)
വീട്ടമ്മമാരുടെ ടെറസ് പച്ചക്കറി കൃഷിയുടെ ബ്രാന്‍ഡ് അംബാസഡറായി മഞ്ജു വാര്യരെ അവരോധിച്ചതിനെതിരെ കുടുംബശ്രീ മിഷനില്‍ പോര് തുടങ്ങി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച നിരുപമയെന്ന മുഖ്യകഥാപാത്രം ടെറസ് പച്ചക്കറി കൃഷി നടത്തുന്നതും അത് വന്‍ വിജയമായി മാറുന്നതും ചൂണ്ടിക്കാട്ടി മന്ത്രി മുനീറിന്റെ ആശിര്‍വാദത്തോടെയാണ് മഞ്ജു വാര്യരെ അംബാസഡറാക്കിയത്.

എന്നാല്‍ മഞ്ജു വാര്യര്‍ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രം ഈ തരത്തില്‍ കൃഷി ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലെ വീട്ടമ്മമാര്‍ ടെറസ് കൃഷിയും അടുക്കളത്തോട്ടവും വിജയകരമായി നടത്തി തുടങ്ങിയിരുന്നു എന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. അത് അനാവശ്യമാണ് എന്നും ഇക്കുട്ടര്‍ പറയുന്നു.

എന്നാല്‍ മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡറായതോടെ കുടുംബശ്രീക്കും അതിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശക്തിയുണ്ടായിരിക്കുന്നു എന്നാണ് കുടുംബശ്രീ മിഷനിലെ ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് മഞ്ജുവിനെ ബ്രാന്‍ഡ് അംബാസിഡറാക്കിയത് എന്നും പബ്ലിസിറ്റിയല്ലാതെ അതിനു പിന്നില്‍ വേറെ താല്‍പര്യങ്ങളൊന്നുമില്ലെന്നും മറുവിഭാഗം വിമര്‍ശിക്കുന്നു.

അതേ സമയം കുടുംബശ്രീ ആസ്ഥാനത്തെ ഒരു വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള പോരാണ് ഇതിനു പ്രധാന കാരണമെന്നും പാരവയ്പ്പും പഴിചാരലും സഹിക്കാനാകാതെ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ബി വല്‍സലകുമാരി ഐഎഎസ് രാജിവച്ചേക്കുമെന്നു സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :