ദിലീപും മഞ്ജുവും ഒരുമിച്ചു, പിരിയാനായി

കൊച്ചി| Last Updated: വ്യാഴം, 24 ജൂലൈ 2014 (13:06 IST)
ചലച്ചിത്ര താരങ്ങളായ ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ചു, പിരിയാന്‍ വേണ്ടി. എറണാകുളം കുടുംബകോടതിയില്‍ ഇരുവരും നേരിട്ട് ഹാജരായി സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. രാവിലെ ഒന്പതു മണിയോടെ അഭിഭാഷകര്‍ക്കൊപ്പം എത്തിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്.

മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യര്‍ക്കൊപ്പമാണ് കോടതിയിലെത്തിയത്. മജിസ്ട്രേട്ടിനെ നേരിട്ട് കണ്ട ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇരുവരും മടങ്ങി.
മകള്‍ ആര്‍ക്കൊപ്പം നിന്നാലും അത് പ്രശ്നമല്ലെന്നും ജീവനാംശം വേണ്ടെന്നും മഞ്ജു കോടതിയെ ധരിപ്പിച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

നിറകണ്ണുകളോടെയാണ് മഞ്ജു കോടതിയുടെ പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് കാറിലേയ്ക്ക് കയറുന്നതിന് മുന്‍പ് ചുറ്റുമുള്ളവരെ കൈവീശി കാണിച്ചു.

ഒരു വര്‍ഷമായി ഇരുവരും അകന്നാണ് താമസം. സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കാന്‍ കോടതിക്ക് പുറത്ത് ധാരണയായതിനെ തുടര്‍ന്ന് ഇരുവരും ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :