കെഎസ്ആര്‍ടിസി ബസ്സില്‍ നോട്ട് കീറിയതാണെന്ന് പറഞ്ഞ് വനിതാ കണ്ടക്ടര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ നട്ടുച്ചയ്ക്ക് റോഡില്‍ ഇറക്കി വിട്ടു; സ്വന്തം മകനാണെങ്കില്‍ ഇറക്കി വിടുമോയെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (08:47 IST)
കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റ് എടുക്കാന്‍ നല്‍കിയ നോട്ട് കീറിയതാണെന്ന് പറഞ്ഞ് വനിതാ കണ്ടക്ടര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ നട്ടുച്ചയ്ക്ക് റോഡില്‍ ഇറക്കി വിട്ടു. ടിക്കറ്റിനായി നല്‍കിയ 20 രൂപ നോട്ട് കീറിയതാണെന്നും വേറെ പണമില്ലാത്തതിനാല്‍ കുട്ടിയെ വനിതാ കണ്ടക്ടര്‍ ബൈപ്പാസ് റോഡില്‍ പൊരിവെയിലത്തിറക്കി വിടുകയായിരുന്നു. കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ആക്കുളത്തെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ദുരാനുഭവം ഉണ്ടായത്. ബസ്സില്‍ നാലോളം യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദാഹിച്ചും വിശന്നും തളര്‍ന്ന കുട്ടി ഇരുചക്രവാഹനത്തിന് കൈ കാണിച്ചു ചാക്ക വരെ എത്തുകയായിരുന്നു.

ശേഷം രണ്ട് കിലോമീറ്റര്‍ നടന്നാണ് കുട്ടി വീട്ടിലെത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ മുന്‍ ഗതാഗത മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്തെത്തി. സ്വന്തം മകന്‍ ആണെങ്കില്‍ ഇറക്കിവിടുമോ എന്നും തമിഴ്‌നാട്ടിലെ ബസ് ജീവനക്കാരെ കണ്ട് പഠിക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :