വരുന്ന രണ്ടുദിവസം കേരളത്തിൽ ഇടിയോട് കൂടിയ മഴ

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (19:06 IST)
കേരളത്തിൽ വെള്ളി,ശനി ദിവസങ്ങളിൽ ഒറ്റപ്പെടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :