സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (08:11 IST)
ആലപ്പുഴ നഗരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 343 കിലോമത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡിന്റെയും, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും സംയുക്ത പരിശോധനയില്‍ വഴിച്ചേരി മാര്‍ക്കറ്റില്‍ നിന്ന് 263 കിലോഗ്രാം ഫോര്‍മാലിന്‍ സാന്നിദ്ധ്യമുള്ള കേര മത്സ്യമാണ് പിടികൂടിയത്. വാഹനം തടഞ്ഞിടുകയും, സംഘര്‍ഷാവസ്ഥയുണ്ടാക്കാനും വ്യാപാരികളും, പരിസരവാസികളും ശ്രമിച്ചു.
ജില്ലാ കോടതി കിഴക്കുവശത്തുള്ള കോണിപാലത്തിനടുത്തുള്ള, കറുകയില്‍ വാര്‍ഡില്‍ പുത്തന്‍ പുരയില്‍ നവാസിന്റെ ഉടമസ്ഥതയിലുള്ള മീന്‍ തട്ടില്‍ നിന്നും ഉപയോഗ ശൂന്യമായ 50 കിലോഗ്രാം ചൂരമീന്‍, 20 കിലോഗ്രാം അയല, 10 കിലോഗ്രാം ചെമ്മീന്‍ എന്നിവ പിടിച്ചെടുത്തു. രണ്ടു ദിവസം മുന്‍പ് നഗരത്തില്‍ തന്നെ മാളികമുക്കില്‍ നിന്ന് 40 കിലോ പഴകിയ മത്സ്യം പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആഴ്ചകള്‍ പഴക്കമുള്ള മത്സ്യം വ്യാപകമായി വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.