Fact Check: കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചോ? സത്യാവസ്ഥ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വിന്നര്‍ അഖില്‍ മാരാര്‍ ആണ് ഈ പ്രചരണത്തിനു തുടക്കം കുറിച്ചത്. എന്നാല്‍ ഇത് വാസ്തവമല്ല !

രേണുക വേണു| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (09:19 IST)

Fact Check: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആയിരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിലയേറിയ സംഭാവനകള്‍ നല്‍കുന്നത്. അതിനിടയിലാണ് ദുരിതാശ്വാസ നിധിയെ കുറിച്ച് ചില കോണുകളില്‍ വ്യാജ പ്രചരണം നടക്കുന്നതും. അതിലൊന്നാണ് കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ 81.43 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു എന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ വിന്നര്‍ അഖില്‍ മാരാര്‍ ആണ് ഈ പ്രചരണത്തിനു തുടക്കം കുറിച്ചത്. എന്നാല്‍ ഇത് വാസ്തവമല്ല !

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധമാണ് ഈ കുപ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനുള്ള ലാപ് ടോപ് കെ.എസ്.എഫ്.ഇ വഴി നല്‍കിയതിനെയാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇതേ കുറിച്ച് വിശദമായി സംസാരിച്ചത്.

' മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കെ.എസ്.എഫ്.ഇയ്ക്കു ലാപ് ടോപ് വാങ്ങാന്‍ 81 കോടി 43 ലക്ഷം രൂപ അനുവദിച്ചെന്ന പ്രചരണം പല രീതിയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇത് തീര്‍ത്തും തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം നടത്തുന്നതുമാണ്. ഈ തുക കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു ലാപ് ടോപ് വാങ്ങാന്‍ കെ.എസ്.എഫ്.ഇയ്ക്കു നല്‍കിയ തുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെ വിദ്യാര്‍ഥികളായ മക്കള്‍ക്ക് ലാപ് ടോപ് വാങ്ങാനുള്ള 'വിദ്യാശ്രീ' പദ്ധതിയും 'വിദ്യാകിരണം' പദ്ധതിയും സംയോജിപ്പിച്ച് സര്‍ക്കാര്‍ 81 കോടി 43 ലക്ഷം രൂപ കെ.എസ്.എഫ്.ഇയ്ക്കു നല്‍കി. ഇതുവഴി ആകെ 47,673 വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പുകള്‍ ആ ഘട്ടത്തില്‍ നല്‍കാനും സാധിച്ചു,' മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :