തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 2 ജൂണ്‍ 2020 (15:31 IST)
പഠനസൗകര്യമില്ലാത്തതിന്റെ മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണം സര്‍ക്കാരിന്റെ താന്തോന്നിത്തരം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നലെ വൈകുന്നേരമാണ് ദേവിക എന്ന വിദ്യാര്‍ത്ഥിനി സ്വയം തീകൊടുത്തി മരിച്ചത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 30 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക്
സാധിച്ചില്ല. വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാക്കിയ രാജ്യത്താണ് പഠനം മുടങ്ങുമെന്ന ആശങ്കയില്‍ ഒരു കുട്ടിയുടെ
ജീവന്‍ നഷ്ടമായതെന്നും ഇത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ക്ലാസുകള്‍ ആരംഭിക്കുന്നതിലെ അപകടം താന്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കണക്ക് സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ട് ഇവര്‍ക്ക് ഇത്തരം സൗകര്യം ഒരുക്കിയില്ല. വിദ്യാഭ്യാസത്തിലൂടെ തുല്യതയെന്ന ആശയത്തിന്റെ കടയ്ക്കലാണ് ഈ സംവിധാനത്തിലൂടെ പിണറായി സര്‍ക്കാര്‍ കത്തിവച്ചതെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് കരിച്ചുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞു.