മലപ്പുറം|
jibin|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (14:10 IST)
തദ്ദേശ തെഞ്ഞെടുപ്പിൽ മലപ്പുറത്ത് മുസ്ളീം ലീഗും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ളീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. കോൺഗ്രസുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഒരുമിച്ച് നിന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാവുമെന്നും മജീദ് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിമതർ മത്സരിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല. മലപ്പുറം ജില്ലാ വിഭജനം പാർട്ടിയുടെ അജണ്ടയിൽ ഇല്ലാത്ത കാര്യമാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാർട്ടി വിജയിക്കില്ലെന്നും മജീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനുളള സീറ്റു വിഭജനത്തെച്ചൊല്ലി മലപ്പുറത്ത് മുസ്ലീം ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് രാവിലെ പറഞ്ഞിരുന്നു. ചെറിയ തർക്കങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. അതു ചര്‍ച്ച ചെയ്തു പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജില്ലയില്‍ ലീഗിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് നേട്ടം കൊയ്യാന്‍ സിപിഎം ശ്രമം ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം 45 സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചു.