രേണുക വേണു|
Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (11:53 IST)
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ രൂക്ഷമായി ആഞ്ഞടിച്ച് കെ.പി.അനില്‍കുമാര്‍. കോണ്‍ഗ്രസില്‍ നിന്നു രാജി പ്രഖ്യാപിച്ചതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരനെതിരെ അനില്‍കുമാര്‍ സംസാരിച്ചത്. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും തെറി വിളിച്ച് പൊതുമധ്യത്തില്‍ അപമാനിക്കാന്‍ ആളെ നിര്‍ത്തിയത് സുധാകരനാണെന്ന് അനില്‍കുമാര്‍ ആരോപിച്ചു. അങ്ങനെയൊരു വ്യക്തിയെ സുധാകരന്‍ തന്നെ കെ.എസ്.ബ്രിഗേഡ് എന്നും പറഞ്ഞ് ആദരിച്ചെന്നും അനില്‍കുമാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും അനില്‍കുമാര്‍ പുറത്തുവിട്ടു.
താലിബാന്‍ ഭീകരവാദികള്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തതുപോലെയാണ് സുധാകരന്‍ കേരളത്തിലെ പാര്‍ട്ടി പിടിച്ചെടുത്തത്. ആരും ഫ്‌ളക്‌സ് വയ്ക്കരുതെന്നാണ് സുധാകരന്‍ പറയുന്നത്. സുധാകരന്‍ തന്നെ സ്വന്തം ഫ്‌ളക്‌സ് വയ്ക്കുന്ന പരിപാടി നിര്‍ത്തിയാല്‍ കോണ്‍ഗ്രസില്‍ ഫ്‌ളക്‌സ് ഉണ്ടാകില്ലെന്നും അനില്‍കുമാര്‍ പരിഹസിച്ചു. എപ്പോള്‍ വേണമെങ്കിലും സംഘപരിവാറിലേക്ക് പോകുമെന്ന് പറഞ്ഞ ആളാണ് സുധാകരന്‍. സംഘപരിവാര്‍ മനസാണ് സുധാകരനുള്ളത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് കേരളത്തിലെ കോണ്‍ഗ്രസിനെ നന്നാക്കുന്നതെന്നും അനില്‍കുമാര്‍ ചോദിച്ചു. സുധാകരന്റെ ഫാസിസ്റ്റ് നയങ്ങളാണ് കെപിസിസിയില്‍ നടക്കുന്നതെന്നും അനില്‍കുമാര്‍ ആരോപിച്ചു.