ഭൂമിയെല്ലാം പോയിട്ടും അംഗീകരിക്കാൻ മടിക്കുന്ന ജന്മിയാണ് കോൺഗ്രസെന്ന് ശരദ് പവാർ

അഭിറാം മനോഹർ| Last Updated: ഞായര്‍, 12 സെപ്‌റ്റംബര്‍ 2021 (13:06 IST)
ഭൂമിയെല്ലാം നഷ്ടമായിട്ടും അത് അംഗീകരിക്കാൻ മടിക്കുന്ന ജന്മിയാണ് കോൺഗ്രസെന്ന് എൻസിപി നേതാവ് ശരദ് പവാർ. മറാത്തി ഓൺലൈൻ ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് പവാറിന്റെ പരാമർശം. ഒരു കാലത്ത് കശ്‌മീർ മുതൽ കന്യാകുമാരി വരെ ഭരിച്ചിരുന്നത് കോൺഗ്രസാണ്. ഇന്ന് അതല്ല സ്ഥിതിയെന്ന യാഥാർഥ്യം നേതാക്കൾ അംഗീകരിക്കാൻ മടിക്കുകയാണെന്നും പവാർ പറഞ്ഞു.

ഒരുപാട് ഭൂമിയും വലിയ വീടുമൊക്കെയുണായിരുന്ന ജന്മിക്ക് ഭൂപരിധിനിയമം വന്നതോടെ അയാളുടെ ഭൂമി നഷ്ടമായി. ഏതാനും ഏക്കറുകളാണ് ഇപ്പോൾ അയാൾക്കുള്ളത്. എന്നാൽ ഇത് അയാൾ അംഗീകരിക്കുന്നില്ല. ഭൂമിയെല്ലം ഇപ്പോളും തന്റേതാണെന്ന് പറയുന്ന അയാൾക്ക് വീടിന്റെ അറ്റകുറ്റപ്പണിപോലും നടത്താൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പവാർ പറഞ്ഞു.

അതേസമയം പവാറിന്റെ പ്രസ്‌താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മറ്റുള്ളവർക്ക് ഭൂമി നോക്കാൻ കൊടുത്ത് എല്ലാം നഷ്ടപ്പെട്ട പാർട്ടിയാ എൻസിപിയെന്ന് മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് നാനാ പട്ടൊൾ പറഞ്ഞു. കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ് പവാറിന്റെ പ്രതികരണമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :