കോഴിക്കോട് മഹിളാമന്ദിരത്തില്‍ ബംഗ്ലാദേശി പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം

കോഴിക്കോട്| VISHNU N L| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (16:39 IST)
വെള്ളിമാടുകുന്നിലെ മഹിളാ മന്ദിരത്തിലെ അന്തേവാസിയായിരുന്ന ബംഗ്ലാദേശി സ്വദേശിനി അത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11മണിയോടെയാണ് കുട്ടിയെ അവശനിലയില്‍ മഹിളാമന്തിരത്തിലെ ജീവനക്കാര്‍ കണ്ടെത്തിയത്.


എരഞ്ഞിപ്പലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ബംഗ്ലാദേശ് സ്വദേശിനിയെ തിരികെ കൊണ്ടുപോകാനായി ശനിയാഴ്ച നാട്ടില്‍ നിന്നും ഭര്‍ത്താവ് എത്തിയിരുന്നു. മഹിളാമന്ദിരത്തില്‍ വെച്ച് ഭര്‍ത്താവ് പെണ്‍കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നു.

പെണ്‍‌കുട്ടിയുടെ ഭര്‍ത്താവിനെ സഹായിക്കാനായി പ്രതികളും സംഘവും സന്നദ്ധ പ്രവര്‍ത്തകരെന്ന വ്യാജേനെ ഭര്‍ത്താവിനെ ജില്ലാകളക്ടര്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹ്യക്ഷേമവകുപ്പിലും ഭര്‍ത്താവുമായി ഈസംഘം എത്തിയിരുന്നു. പെണ്‍കുട്ടി നാട്ടിലേക്ക് തിരികെ പോവുകയാണെങ്കില്‍ കേസ് ദുര്‍ബലമാകുമെന്ന് കണ്ടതിനേ തുടര്‍ന്നാണ് ഇത്. പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ ഇവരുടെ സാന്നിധ്യമുണ്ടോ എന്ന് സംശയമുണ്ട്.

കഴിഞ്ഞ മേയ് 28നാണ് പെണ്‍കുട്ടി പീഡനത്തിരയായത്. കെട്ടിയിട്ടശേഷം ക്രൂരമായ മാനഭംഗപ്പെടുത്തുന്നതിനിടെ രക്ഷപ്പെട്ട് എരഞ്ഞിപ്പലത്തെ ഫ്ലാറ്റില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്നത്.

കേസില്‍ വയനാട് മൂട്ടില്‍ പുതിയ പുരയില്‍ സുഹൈല്‍, ഭാര്യ വയനാട് സുഗന്ധഗിരിസ്വദേശിനി അംബിക, കുടക് സ്വദേശി സിദ്ദീഖ്, കൊണ്ടോട്ടിസ്വദേശി അബ്ദുല്‍ കരിം , കാപ്പാട് സ്വദേശി റിയാസ്, ഫാറൂക് കോളേജ് സ്വദേശി അബ്ദുല്‍ റഹ്മാന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :