പാലക്കാട്ടെ തോല്‍വി പരിഗണിക്കും; ജനതാദളിന് കോഴിക്കോട് യുഡിഎഫ് കൺവീനർ സ്ഥാനം നൽകും

യുഡിഎഫ് , ജെഡിയു , എംപി വീരേന്ദ്രകുമാര്‍ , പിപി തങ്കച്ചന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (13:24 IST)
യുഡിഎഫിന്റെ കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ഇടഞ്ഞു നില്‍ക്കുന്ന ജെഡിയുവിന് നല്‍കാന്‍ ധാരണയായി.
പാലക്കാട്ടെ എംപി വീരേന്ദ്രകുമാറിന്റെ തോൽവി സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പരിഗണിക്കാമെന്നും ഇക്കാര്യത്തില്‍ അച്ചടക്ക നടപടി എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഇതിനായി പ്രത്യേക യോഗം വിളിക്കാമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.

അടുത്ത മാസം ആറിന് പ്രത്യേക തെരഞ്ഞെടുപ്പ് കൺവൻഷൻ എറണാകുളത്തുവച്ചു ചേരും. പ്രചരണത്തിന് ഉപയോഗിക്കേണ്ട പ്രകടനപത്രിക സംബന്ധിച്ച് അന്നു തീരുമാനമെടുക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയായിരിക്കും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വീതംവെയ്പ് ചര്‍ച്ച താഴെത്തട്ടില്‍ നടത്താനും യോഗത്തില്‍ തീരുമാനമുണ്ടായി.

ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇതു പ്രത്യേക കൺവൻഷനു മുമ്പായി നടത്തും. ആർഎംപിയുമായി സഹകരിക്കാൻ നീക്കമില്ല. പുതിയ കക്ഷികളെ നിലവിൽ യുഡിഎഫിൽ എടുക്കില്ല. ഘടകക്ഷികള്‍ക്ക് നല്‍കുന്ന സീറ്റില്‍ വിമതര്‍ ഉണ്ടാകരുതെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.

സീറ്റ് വിഭജനം സംബന്ധിച്ചു താഴേത്തട്ടിൽ ചർച്ച നടത്തും. ഇക്കാര്യത്തിൽ ജില്ലാതലത്തിൽ തർക്കങ്ങളുണ്ടായാൽ യുഡിഎഫ് നേതൃത്വം ഇടപെടും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പ്രചാരണം നടത്തും. ഇതിനായി ലഘുലേഖ പുറത്തിറക്കാന്‍ എംഎം ഹസനെ ചുമതലപ്പെടുത്തി. ഈ മാസം 30ന് മുൻപ് ജില്ലാ കൺവൻഷനുകൾ നടപ്പാക്കും.
യുഡിഎഫ് ഉന്നതാധികാരയോഗത്തിനു ശേഷം യുഡിഎഫ് കൺവീനർ പിപി തങ്കച്ചനാണ് ഈ കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :