കോഴിക്കോട്|
JOYS JOY|
Last Modified വെള്ളി, 19 ജൂണ്‍ 2015 (12:56 IST)
വ്യാഴാഴ്ച കോഴിക്കോട് ജില്ല കോടതിക്കു സമീപത്തു വെച്ച് കുത്തേറ്റ യുവാവ് മരിച്ചു. താമരശ്ശേരി കോടഞ്ചേരി സ്വദേശിയായ വെള്ളാപ്പള്ളി വീട്ടില്‍ ജിന്റോ ജോസഫ് ആണ് മരിച്ചത്. ഇയാള്‍ക്ക് 24 വയസ്സ് ആയിരുന്നു.
കുത്തേറ്റ ഉടന്‍ തന്നെ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ഇയാള്‍ മരണപ്പെട്ടത്. പരുക്കേറ്റ മൈക്കാവ് സ്വദേശി പുന്നക്കാട്ടില്‍ ബിന്ദു (36) ആശുപത്രിയില്‍ ചികിത്സയിലാണ്.
കോടഞ്ചേരിക്കടുത്ത മൈക്കാവ് സ്വദേശിയും ഇപ്പോള്‍ നിലമ്പൂര്‍ എരുമമുണ്ട 200ല്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ കൊട്ടാരപറമ്പില്‍ കെ എസ് സുനില്‍ ആണ് ഭാര്യ ബിന്ദുവിനെയും കാമുകന്‍ ജിന്റോയെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കുത്തേറ്റ ജിന്റോയുടെ കുടല്‍മാല പുറത്തു ചാടിയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഭാര്യയുടെയും കാമുകന്റെയും സമ്മര്‍ദ്ദ പ്രകാരം വിവാഹമോചനത്തിന് ഹര്‍ജി നല്‍കാന്‍ ഒരേ ഓട്ടോയില്‍ മൂവരും ജില്ല കോടതി പരിസരത്ത് ഇറങ്ങവെ കൈയില്‍ കരുതിയ കത്തി കൊണ്ട് സുനില്‍ ആക്രമിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.