കോഴിക്കോട്|
JOYS JOY|
Last Modified വ്യാഴം, 11 ജൂണ്‍ 2015 (16:27 IST)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പത്തുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ്, ഫയര്‍ഫോഴ്സ് വിഭാഗത്തിലെ 15 പേര്‍ക്കെതിരെ കേസെടുത്തു.
ഇതിനിടെ, വിമാനത്താവളത്തില്‍ വെടിയേറ്റ് മരിച്ച സി ഐ എസ് എഫ് ജവാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇയാളുടെ തലച്ചോറില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു. താടിയെല്ലിലൂടെ തലച്ചോറിലേക്കാണ് വെടിയുണ്ട തുളച്ചുകയറിയത്.
ബുധനാഴ്ച രാത്രി നടന്ന വെടിവെപ്പിലാണ് സി ഐ എസ് എഫ് ജവാന്‍ ആയ എസ് എസ് യാദവ് കൊല്ലപ്പെട്ടത്. എന്നാല്‍, വെടിവെപ്പ് ആകസ്‌മികമായി സംഭവിച്ചതാണെന്ന് ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി അശോക് കുമാര്‍ പറഞ്ഞു. വെടിവെപ്പ് മനപൂര്‍വമല്ലന്നും സി ഐ എസ് എഫ് ജവാന്റെ തോക്കില്‍ നിന്നാണ് വെടിതുതിര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കരിപ്പൂരിലെ സംഭവം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷറഫുദ്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അശോക് കുമാറും സി ഐ എസ് എഫ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.