പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടി : പിതാവിന്റെ സുഹൃത്തിനു 20 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 2 നവം‌ബര്‍ 2023 (16:52 IST)
കോട്ടയം: പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു കുഴിച്ചുമൂടിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തിനെ കോടതി 20 വർഷത്തെ കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. കേസിലെ പ്രതിയായ മണർകാട് അരിപ്പറമ്പിൽ ചേലക്കുന്നേൽ അജേഷ് സി.ടി യെയാണ് കോടതി ശിക്ഷിച്ചത്.

2019 ജനുവരി പത്തൊമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ അജേഷ് വീട്ടിലെത്തി പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കി. സംഭവ ദിവസം അജേഷ് പെൺകുട്ടിയെ വിളിച്ചു കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി തന്റെ ഹോളോ ബ്രിക്സ് കളത്തിലെ താമസസ്ഥലത്തേക്ക് വരുത്തി. ഓട്ടോറിക്ഷയിൽ പെൺകുട്ടി അവിടെയെത്തി.

പിന്നീട് അജേഷ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ കുട്ടി ബോധം കേട്ട നിലയിലായി. ഇതിൽ
പരിഭ്രാന്തനായ അജേഷ് കുട്ടിയുടെ ഷാൾ, കയർ എന്നിവ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. രാതി വരെ മുറിയിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് കളത്തിനു സമീപത്തെ കുഴിയിലിട്ടു മൂടി. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയും അന്വേഷണം തുടങ്ങുകയും ചെയ്തു.


അന്വേഷണത്തിൽ അയർക്കുന്നം എസ്.ഐ ആയിരുന്ന അനൂപ് ജോസ് മൃതദേഹം കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഡീഷണൽ ജില്ലാ ജഡ്ജി - പോക്സോ-1 - സാറാ എസ്.പണിക്കർ ആണ് പ്രതിയെ ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം 35 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതി എന്നതിനാലാണ് ഇത് 20 വർഷമായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :