പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടതിന് തെളിവില്ല

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടെന്ന വാദത്തിന് തെളിവില്ല

കൊല്ലം, പരവൂര്‍, വെടിക്കെട്ട്, അപകടം kollam, paravur, fireworks, accident
കൊല്ലം| സജിത്ത്| Last Modified വെള്ളി, 22 ഏപ്രില്‍ 2016 (10:11 IST)
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രഭാരവാഹികള്‍ കളക്ടറെ കണ്ടെന്ന വാദത്തിന് തെളിവില്ല. വെടിക്കെട്ട് നിരോധനത്തിന് ശേഷം ഭാരവാഹികള്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. എന്നാല്‍ കളക്ട്രേറ്റില്‍ നിന്ന് പിടിച്ചെടുത്ത സി സി ടി വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല. സി സി ടി വി പ്രവർത്തനരഹിതമായതിനാലാണ് ദൃശ്യങ്ങൾ പതിയാതിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

വെടിക്കെട്ടിന് അനുമതി തേടി ക്ഷേത്രഭാരവാഹികൾ എട്ടിനും ഒൻപതിനും കലക്ടറേറ്റിൽ എത്തിയതായി ക്രൈംബ്രാഞ്ചിനു വിവരമുണ്ടായിരുന്നു. ജില്ലാ കലക്ടറുടെ ചേംബറിൽ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയതായും വിവരം ലഭിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് ഹാർഡ് ഡിസ്ക് പരിശോധിച്ചത്. കളക്ടറുടെ ചേംബറില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട രേഖകളും കളക്ട്രേറ്റില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

കലക്ടറുടെ ചേംബറിലെ ക്യാമറകൾ ആറുമാസമായി പ്രവർത്തിക്കുന്നില്ലെന്നും പറയപ്പെടുന്നുണ്ട്. ഹാർഡ് ഡിസ്കിൽ 20 ദിവസം വരെയുള്ള ദൃശ്യങ്ങളാണു ശേഖരിക്കുന്നത്. ദൃശ്യങ്ങള്‍ നഷ്ടമായിട്ടുണ്ടെങ്കില്‍ വിദഗ്ദ്ധ സഹായത്തോടെ വീണ്ടെടുക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ട്. കഴിഞ്ഞ പത്തിനായിരുന്നു രാജ്യത്തെ നടുക്കിയ വെടിക്കെട്ട് അപകടം പരവൂരില്‍ നടന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :