പൊലീസ് പറയുന്നത് പച്ചക്കള്ളം, വെടിക്കെട്ട് നിര്‍ത്താന്‍ പൊലീസ് പറഞ്ഞത് ഒരു തവണ മാത്രം; പരവൂരില്‍ സ്ഫോടനം നടക്കുന്നതിനു മുമ്പ് നാലു തവണ അപകടമുണ്ടായെന്ന് വെളിപ്പെടുത്തല്‍

ഒരു തവണ മാത്രമാണ് വെടിക്കെട്ട് നിര്‍ത്തിവക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത്

  പരവൂര്‍ വെടിക്കെട്ട് അപകടം , വെടിക്കെട്ട് ദുരന്തം , പൊലീസ് , അപകടം , ഷൈനാമോള്‍
കൊല്ലം| jibin| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (11:00 IST)
രാജ്യത്തെ നടുക്കിയ പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിനെത്തുടര്‍ന്ന് പൊലീസ് നിരത്തിയ വാദങ്ങള്‍ തെറ്റാണെന്ന് മൈക്ക് അനൌണ്‍സര്‍. വെടിക്കെട്ടു നിര്‍ത്താന്‍ പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്ന വാദം തെറ്റാണ്. ഒരു തവണ മാത്രമാണ് വെടിക്കെട്ട് നിര്‍ത്തിവക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതെന്നും മൈക്ക് അനൌണ്‍സറായിരുന്ന ലൌലി വ്യക്തമാക്കി.

വലിയ സ്‌ഫോടനം നടക്കുന്നതിന് മുമ്പ് നാലു തവണ അപകടമുണ്ടായി. ഒരുതവണ തവണ പൊലീസ് വെടിക്കെട്ടു നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രധാന മൈക്ക് അനൌണ്‍‌സര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ മാത്രമാണ് താന്‍ അനൌണ്‍സ് നടത്തിയത്. ക്ഷേത്രഭാരവാഹിയൊന്നുമല്ലാത്ത താന്‍ ക്ഷേത്രത്തിന്റെ സമീപത്താണ് താമസിക്കുന്നത്. ഈ അടുപ്പം കൊണ്ടാണ് മൈക്ക് അനൌണ്‍സ് നടത്തിയതെന്നും ഒളിവിലുള്ള ലൌലി പറഞ്ഞു.

അതേസമയം, പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പേരില്‍ പൊലീസും ജില്ലാ ഭരണകൂടവും രണ്ടു തട്ടില്‍ നില്‍ക്കവെ തന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് കൊല്ലം കളക്‍ടർ എ ഷൈനാമോൾ വ്യക്തമാക്കി. ആറുമാസമായി തന്റെ ഓഫീസിലെ സിസിടിവി സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. സർക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ അതിനു മുമ്പുള്ള
ദൃശ്യങ്ങൾ നൽകാൻ സാധിക്കുകയുള്ളൂവെന്നും കളക്‍ടര്‍ വ്യക്തമാക്കി.

അനുമതിയില്ലാതിരുന്നിട്ടും മൽസരക്കമ്പം നടത്തുകയായിരുന്നുവെന്ന കലക്‍ടറുടെ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് കളക്‍ടറുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് കത്ത് നല്‍കിയത്. ഇതിന് മറുപടി നല്‍കുകയായിരുന്നു കളക്‍ടര്‍.

വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയതിനുശേഷം കലക്ടറുമായി ക്ഷേത്രം ഭാരവാഹികൾ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. വെടിക്കെട്ട് ദുരന്തത്തില്‍ നൂറ് കണക്കിനാളുകളാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :