അരുവിക്കര|
VISHNU N L|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (18:31 IST)
അരുവിക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്തിട്ട് യാതൊരു കാര്യവുമില്ലെന്നും യുഡിഎഫിന് വോട്ട് ചെയ്യുന്നത് വൈദ്യുത പോസ്റ്റിന് വെള്ളമൊഴിക്കുന്നത് പോലെയാണെന്നും പരിഹസിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ അരുവിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
യുഡിഎഫ് സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ഇത്തരമൊരു അഴിമതി ഭരണം തുടരണോ എന്ന് അരുവിക്കരയിലെ തിരഞ്ഞെടുപ്പ് തീരുമാനിക്കും.അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ നിലപാട്. നാല് ദിവസം പുറത്ത് നിന്ന് കൈക്കൂലി വാങ്ങുകയും മൂന്ന് ദിവസം ഓഫീസിലിരുന്ന് കൈക്കൂലി വാങ്ങുകയും ചെയ്യണമെന്നാണ് സർക്കാർ പറയുന്നതെന്നും കോടിയേരി പരിഹസിച്ചു. ബാർ കോഴ ഇടപാടിലൂടെ ലഭിച്ച കോടികൾ
അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒഴുക്കുകയാണ്. പണം കൂടാതെ തിരഞ്ഞെടുപ്പിൽ ഒഴുക്കാൻ മദ്യവും കോൺഗ്രസ് കരുതി വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാർത്തികേയന്റെ മരണത്തെ തുടർന്നുണ്ടായ സഹതാപതരംഗം വോട്ടാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർത്തികേയന്റെ മരണത്തിൽ സഹതാപം ഉണ്ടായിരുന്നെങ്കിൽ ദിവസങ്ങൾക്ക് ശേഷം നിയമസഭയിൽ ലഡ്ഡു വിതരണം ചെയ്ത് യു.ഡി.എഫുകാർ ആഹ്ളാദ പ്രകടനം നടത്തുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരിനാഥനോട് സഹതാപമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്ക്കണമായിരുന്നു. അല്ലാതെ വെയിലു കൊള്ളാൻ വിടുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്.
ബി.ജെ.പി സ്ഥാനാർത്ഥി ഒ.രാജഗോപാലിനേയും കോടിയേരി വിമർശിച്ചു. ബിജെപിക്ക് വോട്ട് ചെയ്തിട്ട് യാതൊരു കാര്യവും ഇല്ല. കുറച്ച് വോട്ട് കിട്ടിയിട്ട് അവർക്ക് യാതൊന്നും തന്നെ ചെയ്യാനുമില്ല. തോൽവിയുടെ പേരിൽ ഗിന്നസ് ബുക്കിൽ കയറാനാണ് രാജഗോപാലിന്റെ ശ്രമമെന്നും കോടിയേരി പരിഹസിച്ചു.