തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (15:24 IST)
ഗുരുദേവ നിന്ദ വിഷയത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഘപരിവാറിന് അപ്രതീക്ഷിത തിരിച്ചടി. സിപിഎം നിയന്ത്രണത്തിലുള്ള സാംസ്കാരിക സമിതി ഓഫീലുണ്ടായിരുന്ന ഗുരുദേവ പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയ ശേഷം വിട്ടയച്ച നടപടി സര്‍ക്കാരും ആര്‍എസ്എസും തമ്മിലുള്ള ഒത്തുകളിയുടെ മറ്റൊരുദാഹരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ഗുരുവിന്റെ പ്രതിമ തകര്‍ത്ത് കലാപം സൃഷ്ടിക്കുകയായിരുന്നു ആര്‍എസ്എസ്. എന്നിട്ടും ഇവര്‍ക്കു നേരെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കേസ് എടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല. പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി പത്തുമിനുട്ടുകൊണ്ട് ജാമ്യം നല്‍കി ഇവരെ വിട്ടയയ്ക്കുകയാണുണ്ടായത്. ഉന്നത തലത്തിലുള്ള ഇടപെടലില്ലാതെ ഇത്തരമൊരു സംഭവം യാതൊരു കാരണവശാലും സംഭവിക്കില്ല. മുഖ്യമന്ത്രിയും ആര്‍എസ്എസും തമ്മിലുള്ള ഗൂഢാലോചനയുടെ മറ്റൊരു തെളിവാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
കേരളത്തില്‍ ആര്‍എസ്എസിന് അഴിഞ്ഞാടാനും സാമുദായിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യത്തെ തകര്‍ക്കുന്ന വിധം വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കേരളത്തെ വിട്ടുകൊടുക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും
കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു
അതേസമയം സംഭവത്തിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്തെത്തി. തലശേരി നങ്ങാറത്തുപീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആർ എസ് എസും പോലീസും ഒത്തു കളിക്കുകയാണ്.
അക്രമികളെ പിടികൂടി ജയിലില്‍ അടയ്ക്കുന്നതിനു പകരം പോലീസ് ആര്‍എസ്‌സുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീനാരായണ ദർശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാൻ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവരും വികാരം കൊണ്ടവരും ശ്രീനാരായണ പ്രതിമ തകർത്ത് ആർ എസ് എസ് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ് . ആർ എസ് എസ് അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നത്. ഈ കാപട്യം ജനങൾക്ക് മുന്നിൽ തുറന്നു കാണിക്കേണ്ടതുണ്ട് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.