രേണുക വേണു|
Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:36 IST)
രാഷ്ട്രീയ പരിപാടികളിലെല്ലാം പിണറായിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടന്ന പതിവാണ് കോടിയേരിക്കുള്ളത്. പ്രത്യേകിച്ച് കണ്ണൂരില്‍ പാര്‍ട്ടി പരിപാടി നടക്കുമ്പോള്‍. ഇത്തവണ കോടിയേരിയുടെ ജീവനറ്റ ശരീരം ആംബലന്‍സിലായിരുന്നു. തൊട്ടുപിന്നില്‍ പിണറായി നടക്കുന്നുണ്ട് നിശബ്ദനായി. കോടിയേരിക്കൊപ്പമുള്ള രാഷ്ട്രീയ ജീവിതവും സൗഹൃദവും അലയടിച്ചിട്ടുണ്ടാകാം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് മുതല്‍ പയ്യാമ്പലം വരെ വിലാപയാത്രയില്‍ കാല്‍നടയായി പിണറായി പങ്കെടുത്തു.
വിലാപയാത്ര പയ്യാമ്പലത്ത് എത്തിയപ്പോഴായിരുന്നു ഹൃദയഭേദകമായ കാഴ്ച. കോടിയേരിയുടെ മൃതദേഹം പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ചേര്‍ന്ന് തോളില്‍ ചുമന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഒരുവശത്ത് ഉണ്ടായിരുന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍.