ഇടത് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ഫലം: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്

മലപ്പുറം| സജിത്ത്| Last Updated: ശനി, 18 മാര്‍ച്ച് 2017 (15:59 IST)
സംസ്ഥാനത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എംബി ഫൈസലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിനിടയിലാണ് കോടിയേരി ഈ പ്രസ്താവന നടത്തിയത്.

ജില്ലാ കമ്മിറ്റിയാണ് ഇടത് സ്ഥാനാര്‍ഥിയായി ഫൈസലിന്റെ പേര് നിർദേശിച്ചതെന്നും ആ പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ചങ്ങരംകുളം ഡിവിഷനിൽ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗവുമാണ് എം ബി
ഫൈസൽ. വട്ടംകുളം സ്വദേശിയായ ഫൈസല്‍ ഇപ്പോള്‍ തിരൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.

ലീഗിന്റെ കുത്തക സീറ്റായിരുന്ന ചങ്ങരംകുളം ഡിവിഷൻ അട്ടിമറി വിജയത്തിലൂടെയായിരുന്നു കഴിഞ്ഞ തവണ ഫൈസൽ സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സ്ഥാനാർഥിത്വം മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെ ഒരു തരത്തിലും ഭയക്കുന്നില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :