കൊച്ചി സിനഗോഗ് തീവെപ്പ് കേസ്: എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി
കൊച്ചി: കൊച്ചിയിലെ സിനഗോഗിന് നേരെ നടന്ന തീവെപ്പ് ആക്രമണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി എബിന്‍ പോളിനെതിരെ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് (UAPA) ചുമത്തി. യു.എ.പി.എ. നിയമത്തിലെ 16, 18 വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്നലെ വൈകുന്നേരം പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.എ.പി.എ. ചുമത്തിയതോടെ ഈ തീവെപ്പ് കേസ് ഇനി മുതല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടും.
ആദ്യഘട്ടത്തില്‍ ആരാധനാലയത്തിന് തീവെക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ പ്രേരണയാലാണ് തീവെപ്പും പെട്രോള്‍ ബോംബ് ആക്രമണവും നടന്നതെന്ന് പോലീസ് കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം യു.എ.പി.എ. ചുമത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
