കൊച്ചി|
സജിത്ത്|
Last Updated:
തിങ്കള്‍, 16 മെയ് 2016 (13:47 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്‌റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിക്ക് തങ്ങളോട് മുന്‍ വൈരാഗ്യമുണ്ടായിരുന്നെന്നു ജിഷയുടെ അമ്മ രാജേശ്വരി മൊഴി നല്‍കി. കഴിഞ്ഞ മേയ് ഏഴിനാണ് ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തെളിവെടുപ്പ് നടത്തുന്നതിനായി ഇയാളെ രാജേശ്വരിയുടെ മുന്നില്‍ ഹാജരാക്കിയത്.
കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഇയാളുമായി പണിക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായിട്ടുണ്ടെന്ന് രാജേശ്വരി പറഞ്ഞു. കേസില്‍ പതിനാലു പേരെ കസ്‌റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പിനായി രാജേശ്വരിയ്‌ക്കു മുന്‍പില്‍ ബംഗാളിയെ മാത്രമാണു പൊലീസ് കൊണ്ടുവന്നത്. പ്രതിയെന്നു സംശയിക്കുന്ന ഇയാളുടെ ക്രിമിനല്‍ പശ്‌ചാത്തലം തേടി അന്വേഷണ സംഘം പശ്‌ചിമ ബംഗാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ട സമയത്തു ധരിച്ച ചുരിദാറില്‍നിന്നു ലഭിച്ച പ്രതിയുടേതെന്നു സംശയിക്കുന്ന ഉമിനീര്‍ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ആരുമായും ഫലം ചേര്‍ന്നിരുന്നില്ല.
ഫോറന്‍സിക് വിദഗ്‌ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിശദ പരിശോധനക്കായി ജിഷയുടെ ചുരിദാര്‍ വീണ്ടും അയക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാല്‍, ചോദ്യം ചെയ്യലില്‍ ബംഗാള്‍ സ്വദേശി കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്.
സംഭവത്തിനു ദൃക്‌സാക്ഷികളില്ലയെന്നതും ശാസ്‌ത്രീയ പരിശോധനാഫലങ്ങള്‍ അനുകൂലമല്ലതിരുന്നതിനാലും ഇയാള്‍ കുറ്റവാളിയാണെന്നു സ്‌ഥാപിക്കാന്‍ ഇതുവരേയും അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ല. ഡി എന്‍ എ തെളിവു പിന്തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്ന കേരളത്തിലെ ആദ്യ കൊലക്കേസാകും ജിഷയുടേത്.