ചെന്നൈയില്‍ നിന്ന് നാല് കിലോയോളം മാരക മയക്കുമരുന്നുമായി യുവതിയടക്കം ഏഴ് പേര്‍ കേരളത്തിലേക്ക് എത്തിയെന്ന് രഹസ്യവിവരം, വലവിരിച്ച് എക്‌സൈസ്, മയക്കുമരുന്ന് സംഘത്തിന്റെ യാത്ര റോട്ട്വീലര്‍ ഇനത്തിലുള്ള മൂന്ന് നായ്ക്കളുമായി

രേണുക വേണു| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (08:45 IST)

നാല് കോടി രൂപയുടെ മയക്കുമരുന്നുമായി യുവതി അടക്കം ഏഴ് പേരെയാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് നാല് കിലോയോളം എംഡിഎഎ എന്ന മാരക മയക്കുമരുന്നുമായി ഏഴംഗ സംഘം കൊച്ചിയില്‍ എത്തിയെന്ന് കസ്റ്റംസ് പ്രിവന്റീവ്, എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. ഉദ്യോഗസ്ഥ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശയിനം നായ്ക്കളെ കാറില്‍ കയറ്റിയായിരുന്നു സംഘം കൊച്ചിയിലെത്തിയത്. സംഘത്തെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെ ഒളിപ്പിച്ച് വച്ച കൂടുതല്‍ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തു.

കാര്‍ മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലേക്ക് പോന്നത്. വഴിയില്‍ പലര്‍ക്കും മയക്കുമരുന്ന് വിറ്റിട്ടുണ്ട്. യുവതികള്‍ കൂടി കാറില്‍ ഉള്ളതിനാല്‍ പൊലീസിനെ കബളിപ്പിക്കാന്‍ എളുപ്പമാണെന്ന് ഇവര്‍ കരുതി. ഇന്നലെ വൈകീട്ടോടെയാണ് കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഏഴ് പേരടങ്ങുന്ന സംഘത്തെ പിടികൂടിയത്. കൊച്ചിയിലെത്തിയ ശേഷം ഇവര്‍ മൂന്ന് ഫ്‌ളാറ്റുകള്‍ മാറിതാമസിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. മൂന്ന് റോട്ട്വീലര്‍ നായകളും ഇവര്‍ക്കൊപ്പമുണ്ട്. ഈ നായ്ക്കളെയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി ശ്രീമോന്‍ ആണ് സംഘത്തിന്റെ തലവന്‍, ഫാബാസ്, ഫാബാസിന്റെ ഭാര്യ ഷബ്‌ന, കാസര്‍കോട്ടെ അജ്മല്‍, അഫസല്‍ എന്നിവരടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :