രേണുക വേണു|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (09:03 IST)
ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയി മണിക്കുട്ടന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന 75 ലക്ഷം രൂപ വിലയുള്ള ലക്ഷ്വറി ഫ്‌ളാറ്റാണ് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഈ ഫ്‌ളാറ്റ് മണിക്കുട്ടന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കിട്ടുമോ എന്ന സംശയമാണ് പ്രേക്ഷകര്‍ക്ക് ഉള്ളത്. ഇക്കാര്യത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തില്‍ മുഴുവന്‍ ശാഖകളുള്ളവരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ഫ്‌ളാറ്റ് സമുച്ചയങ്ങളുണ്ട്. മത്സര വിജയി എവിടെ ഫ്‌ളാറ്റ് വേണമെന്ന് പറഞ്ഞാല്‍ അവിടെ നല്‍കാനാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ തീരുമാനം. തങ്ങള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഉള്ള എവിടെ ആവശ്യപ്പെട്ടാലും അവിടെ ഫ്‌ളാറ്റ് നല്‍കും. ഏത് നഗരത്തില്‍ വേണമെന്നത് മണിക്കുട്ടന് തീരുമാനിക്കാം.
മണിക്കുട്ടന്‍ ബഹുദൂരം മുന്നില്‍ !
പ്രേക്ഷക വോട്ടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ സായ്കൃഷ്ണയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഒന്നാം സ്ഥാനത്തെത്തിയ മണിക്കുട്ടന്‍. സായ്കൃഷ്ണയ്ക്ക് 60,104,926 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍, സീസണ്‍ മൂന്ന് വിന്നറായി തിരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടന് 92,001,284 വോട്ടുകള്‍ നേടാന്‍ സാധിച്ചു. സായ്കൃഷ്ണയേക്കാള്‍ 32,000 വോട്ടുകള്‍ മണിക്കുട്ടന് കൂടുതല്‍ ലഭിച്ചു. ബിഗ് ബോസ് സീസണ്‍ മൂന്ന് ആരംഭിച്ചതുമുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള താരമായിരുന്നു മണിക്കുട്ടന്‍.
മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു
ബിഗ് ബോസ് സീസണ്‍ 3 വിജയിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു. 'ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയി..' എന്നു പറഞ്ഞാണ് മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞത്.
സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ സമയത്താണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്ര വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞു. സിനിമയില്‍ ഒന്നുമായില്ലെന്ന് പറഞ്ഞ് തന്റെ അച്ഛനും അമ്മയും കുറേ ആളുകളുടെ കളിയാക്കല്‍ കേട്ടിട്ടുണ്ടെന്നും മണിക്കുട്ടന്‍ വേദനയോടെ ഓര്‍ത്തു.
അകാലത്തില്‍ തന്നെ വിട്ടുപോയ ആത്മാര്‍ഥ സുഹൃത്തിനായി ഈ വിജയം സമ്മാനിക്കുന്നതായും മണിക്കുട്ടന്‍ പറഞ്ഞു. ബിഗ് ബോസ് അവതാരകനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാലില്‍ നിന്ന് വിജയിക്കുള്ള ട്രോഫി ഏറ്റുവാങ്ങിയ ശേഷം ആ ട്രോഫി മുകളിലേക്ക് ഉയര്‍ത്തി അത് തന്റെ സുഹൃത്തിന് സമ്മാനിക്കുകയായിരുന്നു മണിക്കുട്ടന്‍. 'എന്തെങ്കിലും ആയെടാ ഞാന്‍' എന്നുപറഞ്ഞ് മണിക്കുട്ടന്‍ പൊട്ടിക്കരഞ്ഞു.
Bigg Boss Malayalam Season 3 Winner
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയിയെ പ്രഖ്യാപിച്ചു. ബിഗ് ബോസ് കാണികള്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. മത്സരം ആരംഭിച്ച ദിവസം മുതല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ മണിക്കുട്ടനാണ് ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയി. ഷോ അവതാരകനും സൂപ്പര്‍സ്റ്റാറുമായ മോഹന്‍ലാല്‍ ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയിയെ പ്രഖ്യാപിച്ചത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന 75 ലക്ഷം രൂപ വിലയുള്ള ഫ്‌ളാറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ മണിക്കുട്ടന് സമ്മാനമായി ലഭിക്കുക.
അവസാന നാല് സ്ഥാനക്കാരായി വന്നത് റംസാന്‍ മുഹമ്മദ്, ഡിംപിള്‍ പാല്‍, സായ് കൃഷ്ണ, മണിക്കുട്ടന്‍ എന്നിവരാണ്. സായ്കൃഷ്ണയാണ് മണിക്കുട്ടനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഡിംപിള്‍ പാല്‍ മൂന്നാം സ്ഥാനവും റംസാന്‍ മുഹമ്മദ് നാലാം സ്ഥാനവും കരസ്ഥമാക്കി.
തമിഴ്‌നാട്ടിലെ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് 95-ാം ദിവസമായ മെയ് 19ന് ബിഗ് ബോസ് 3 അവസാനിപ്പിക്കേണ്ടിവന്നത്. മത്സരം 95-ാം ദിവസം അവസാനിപ്പിച്ചെങ്കിലും ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. അവശേഷിച്ച എട്ട് മത്സരാര്‍ഥികള്‍ക്കായി ഒരാഴ്ചത്തെ വോട്ടിങ് അനുവദിച്ചിരുന്നു. ഇതനുസരിച്ചുള്ള വോട്ടിങ് മേയ് 29 നാണ് അവസാനിച്ചത്. ഈ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിച്ചത്.