കൊച്ചി|
സജിത്ത്|
Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (12:18 IST)
സോളർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റു മന്ത്രിമാർക്കുമെതിരെയും ഗുരുതര ആരോപണമുന്നയിച്ച് പുറത്തു വിട്ട കത്ത് വ്യാജമാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകൻ
ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സരിതയുടേതായി ഇപ്പോൾ പുറത്തുവന്ന കത്തിൽ വന്‍ കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായി പുറത്തുവന്ന ലൈംഗികാരോപണവും വ്യാജമാണ്. ഈ ആരോപണം ആദ്യത്തെ കത്തിൽ ഉണ്ടായിരുന്നില്ല. ഈ കത്ത് പുറത്തുവിട്ടത് ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.
ഒരു സ്വകാര്യ ചാനലായിരുന്നു സരിതയുടേതെന്ന പേരിൽ കത്ത് പുറത്തു വിട്ടത്. 2013 ജൂലൈയിൽ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താൻ എഴുതിയ കത്താണിതെന്നു ഒരു ചാനൽ അഭിമുഖത്തിൽ സരിതയും പറഞ്ഞിരുന്നു. മന്ത്രിമാരായ എ പി അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എം പിമാരായ കെ സി വേണുഗോപാൽ, ജോസ് കെ മാണി, എ പി അബ്ദുല്ലക്കുട്ടി എം എൽ എ, ഹൈബി ഈഡൻ എം എൽ എ, കെ പി സി സി സെക്രട്ടറി എൻ സുബ്രഹ്മണ്യൻ,ബഷീറലി തങ്ങൾ, എ ഡി ജി പി കെ പത്മകുമാർ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ.
എന്നാൽ,ഈ ആരോപണങ്ങളെല്ലാം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വന്ന സരിതയുടെ കത്ത് രണ്ടാം പതിപ്പാണ്. ഈ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന വലിയൊരു ലോബിയാണ് ഈ വിവാദങ്ങള്‍ക്കു പിന്നിലെന്നും ബാറുടമകളുടെ പേരുകള്‍ വ്യക്തമാക്കാതെ തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.