മാണിയും ജോസഫും മാത്രമാകുമോ ?; കൂടുതല്‍ പേര്‍ വിമത പക്ഷത്തേക്ക്, പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുക്കുന്നു, മാണിക്ക് ചുട്ട മറുപടിയുമായി ഫ്രാന്‍സിസ് ജോര്‍ജ്

കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടുവരുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

  കേരളാ കോണ്‍ഗ്രസില്‍ (എം‌) , ഫ്രാന്‍സിസ് ജോര്‍ജ് , കെ എം മാണി , വിമതര്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (18:47 IST)
കേരളാ കോണ്‍ഗ്രസില്‍ (എം‌) പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കൂടുതല്‍ പേര്‍ വിമതപക്ഷത്തേക്ക് എത്തുന്നതിന് പിന്നാലെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് വിമതപക്ഷം പിടിച്ചെടുത്തു. കെസി ജോസഫിന്റെ നേതൃത്വത്തിലാണ് ഇന്ന് ഓഫീസ് പിടിച്ചത്. തുടര്‍ന്ന് വിമതര്‍ ഓഫീസില്‍ യോഗം ചേരുകയും ചെയ്‌തു. കൂടുതല്‍ ഓഫീസുകള്‍ പിടിച്ചെടുക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

സീറ്റിനെച്ചൊല്ലി പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇവിടെ ബോര്‍ഡില്‍ നിന്നും കെഎം മാണിയുടെ പേര് നീക്കം ചെയ്തിരുന്നു. മുമ്പ് ജോസഫ് വിഭാഗത്തിന്റെ ഓഫീസായിരുന്നു ഇത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിമതര്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ പിടിച്ചെടുക്കാന്‍ സാധ്യതയുള്ള ഓഫീസുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം, ഇടുക്കി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, തൊടുപുഴ, വൈക്കം എന്നിവടങ്ങളിലെ പ്രവര്‍ത്തകര്‍ വിമതപക്ഷത്തേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് വിമതപക്ഷം അവകാശപ്പെടുന്നത്. പാര്‍ട്ടി വിട്ടവര്‍ നിലപാട് വിശദീകരിക്കുന്നതിന് മൂവാറ്റുപുഴയില്‍ വിശദീകരണ യോഗം ചേര്‍ന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഒമ്പതാം തീയതി പുതിയ പാര്‍ട്ടിയുടെ സംസ്ഥാന സമിതി എറണാകുളത്ത് വച്ചും പ്രതിനിധി സമ്മേളനം 16ന് കോട്ടയത്ത് വച്ചും നടത്താന്‍ തീരുമാനമായി. കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടുവരുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.

പാര്‍ട്ടി വിട്ട വിമതര്‍ പിന്നില്‍ നിന്ന് കുത്തിയെന്ന മാണിയുടെ വിമര്‍ശനത്തിന് മറുപടിക്ക് തക്ക മറുപടിയും നല്‍കി ഫ്രാന്‍സിസ് ജോര്‍ജ്. പിന്നില്‍ നിന്ന് കുത്തിയത് ആരാണെന്ന് മാണി സ്വയം ചിന്തിക്കണം. കേരളാ കോണ്‍ഗ്രസില്‍ നിന്ന് വിമത പക്ഷത്തേക്ക് പ്രവര്‍ത്തകര്‍ എത്തുമെന്നും എത്തിക്കൊണ്ടിരിക്കുകയാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :