യൂണിവേഴ്സിറ്റി കോളേജിലേത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി,15 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

അഭിറാം മനോഹർ| Last Modified ശനി, 30 നവം‌ബര്‍ 2019 (15:10 IST)
യൂണിവേഴ്സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകനെതിരെ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും ക്രൂരവും പ്രാക്രുതവുമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും കണ്ണൂർ മോഡലിൽ വാടകകൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി കേരളത്തിലെ ക്യാമ്പസുകൾ മാറിയെന്നും പറഞ്ഞ മുല്ലപ്പള്ളി എന്ത് സംഭവിച്ചാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും കുറ്റപ്പെടുത്തി.

അതേസമയം കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്തിന്റെ പരാതിയിൽ സംഭവത്തിൽ 15 എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. എന്നാൽ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നത് കോളേജിന്റെ സമീപത്ത് തന്നെയാണ് സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നതുകൊണ്ടാണെന്നും വിഷയത്തിൽ പാർട്ടി ഓഫീസിൽ നിന്ന് പോലീസിന് മുകളിൽ നിയന്ത്രണമുണ്ടെന്നും അഭിജിത് ആരോപിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ മാഫിയ സംഘങ്ങളുടെ പിടിയിലാണെന്നും കഞ്ചാവിന്റെയും ലഹരിമരുന്നിന്റെയും ലഭ്യത പരിശോധിക്കാൻ ഹോസ്റ്റൽ റൈഡ് ചെയ്യണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :