പ്രത്യേക ആംബുലന്‍സ് സേവനം,ഐസൊലേഷന്‍ വാര്‍ഡുകൾ: നിപ്പയെ നേരിടാന്‍ വിപുല സംവിധാനങ്ങളുമായി ആരോഗ്യവകുപ്പ്

എറണാകുളം ജില്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരില്‍ നിപ ബാധ സംശയമുള്ളവരുണ്ടെങ്കില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും.

Last Updated: ചൊവ്വ, 4 ജൂണ്‍ 2019 (13:27 IST)
വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം.കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാണ്. പൊതുജനങ്ങള്‍ക്ക് സംശയ നിവാരണത്തിന് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 1077 എന്ന നമ്പറിലാണ് വിളിക്കേണ്ടത്. വിദഗ്ധ ഡോക്ടര്‍മാരെ കണ്‍ട്രോള്‍ റൂമില്‍ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പൊലീസ്, അഗ്നിരക്ഷാ സേന, റവന്യൂ, ആരോഗ്യവകുപ്പ് ജീവനക്കാരുണ്ട്.

എറണാകുളം ജില്ലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരില്‍ നിപ ബാധ സംശയമുള്ളവരുണ്ടെങ്കില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും. ഇതിന് പ്രത്യേക ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ ജനറല്‍ ആശുപത്രിയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. രോഗികളെ സഹായിക്കാന്‍ ഹെല്‍പ് ഡസ്‌ക് ഉണ്ട്. രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്.


എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിൽ, നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ നിരീക്ഷണത്തിലാണ്. തൃശൂർ, കോഴിക്കോട്, മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ള കോഴിക്കോട് നിന്നുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ആറംഗ സംഘം കൊച്ചിയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സേവനം ഇവിടങ്ങളില്‍ ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ അവധിക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

നിപ നേരിടുന്നതിന് ഡല്‍ഹിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 01123978046 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. മരുന്നുകള്‍ കേരളത്തില്‍ എത്തിക്കാന്‍ പ്രത്യേക വിമാനം ലഭ്യമാക്കും. നിപ വൈറസ് പ്രതിരോധത്തിന് കേരളത്തിന് എല്ലാ സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ഹര്‍ഷവര്‍ധന്‍ ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

നിപയെ നേരിടാനുള്ള വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്. എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗ സംഘമാണ് കൊച്ചിയിലെത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് സ്റ്റോക്കുണ്ട്. ഓസ്‌ട്രേലിയന്‍ മരുന്ന് എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.

പറവൂരിലും വടക്കേക്കരയിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ വടക്കേക്കര പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. പ്രദേശത്ത് ബോധവത്കരണം നടത്തിവരികയാണ്. ഡിഎംഒയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :